KeralaNEWS

ജാഗ്രത…!  കേരളത്തിൽ  വീണ്ടും നിപ്പ മരണം, ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

     നിപ്പ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരൻ മരിച്ചു. ഈ 10 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത് വെന്റിലേറ്റർ സഹായത്തോടെയാണ്. ഓസ്ട്രേലിയയിൽ നിന്നുള്ള മോണോക്ലോണൽ ആന്റിബോഡി എന്ന മരുന്ന് ഇന്ന് എത്തിച്ചേരാനിരിക്കെയാണ് മരണം.

  ഇതിനിടെ നിപ്പ ലക്ഷണങ്ങളോടെ ഒരാളെക്കൂടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 68 വയസ്സുള്ള, പാണ്ടിക്കാട് സ്വദേശിയായ ഇയാൾക്ക് മരിച്ച14 കാരനുമായി സമ്പർക്കമില്ല.

Signature-ad

നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെയും അടുത്ത ബന്ധുവിന്റെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിലവിൽ‌ കുട്ടിയുടെ മാതാ പിതാക്കൾക്ക് രോഗ ലക്ഷണങ്ങൾ ഒന്നുമില്ല. കുട്ടിക്ക് എങ്ങനെയാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമല്ല. കുട്ടി അമ്പഴങ്ങ കഴിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.

  മലപ്പുറം ഒടോംമ്പറ്റ പഴയ ജുമാമസ്ജിദ് ഖബര്‍സ്ഥാനിൽ മരിച്ച കുട്ടിയുടെ കുട്ടിയുടെ ഖബറടക്കം ഇന്ന് നടക്കും.

അതെസമയം സമ്പർക്ക പട്ടികയിലുള്ള 214 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 60 പേർ ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നു. 15 പേരുടെ കൂടി സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ അതീവ ജാഗ്രതയാണ്. മൈക്ക് അനൗൺസ്മെന്റ് അടക്കമുള്ളവ നടത്തി ജനങ്ങളെ ജാഗ്രതപ്പെടുത്തുന്നുണ്ട്. കർശനമായ നിയന്ത്രണങ്ങളാണ് ഈ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ ഇത് അഞ്ചാമത്തെ തവണയാണ് നിപ്പ വൈറസ് സ്ഥിരീകരിക്കുന്നത്.

എന്താണ് നിപ്പ…?

നിപ്പ വൈറസ് ഒരു സൂനോട്ടിക് വൈറസ് ആണ്, അതായത് ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നു. വവ്വാലുകളും പന്നികളും ഉൾപ്പെടെയുള്ള മൃഗങ്ങളാണ് ഈ വൈറസിന്റെ പ്രധാന വാഹകർ. ഈ വൈറസ് രോഗബാധിതരായ മൃഗങ്ങളുടെ ശരീര ദ്രാവകങ്ങളുമായി (ഉമിനീർ, മൂത്രം, രക്തം) നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ അല്ലെങ്കിൽ രോഗബാധിതരായ മൃഗങ്ങൾ കടിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെയോ മനുഷ്യരിലേക്ക് പകരാം. രോഗബാധിതനായ വ്യക്തിയുടെ ശരീര ദ്രാവകങ്ങളുമായി സമ്പർക്കത്തിലൂടെയും ഇത് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരാം.

ലക്ഷണങ്ങൾ 

നിപ്പ വൈറസ് ബാധിച്ച ഒരാൾക്ക് ശരിയായ സമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ, ആ വ്യക്തി മരിക്കാൻ സാധ്യതയുണ്ട്. നിപാ വൈറസ് ബാധയുള്ളവരിൽ രോഗബാധയേറ്റ് 4-14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. രോഗബാധിതനായ വ്യക്തിയിൽ 3-14 ദിവസത്തേക്ക് രോഗലക്ഷണങ്ങൾ നിലനിൽക്കും. ഈ കാലയളവിൽ ഈ വ്യക്തിക്ക് ശരിയായ ചികിത്സ ലഭിച്ചാൽ ജീവൻ രക്ഷിക്കാൻ കഴിയും, അല്ലാത്തപക്ഷം മരണവും സംഭവിക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

നിപ്പ വൈറസ് ബാധിതരിൽ   കാണാറുള്ള ലക്ഷണങ്ങളിൽ ചിലത്:

  ❖ പനി
❖ തലവേദന
❖ ചുമ
❖ തൊണ്ടവേദന
❖ ശ്വസന പ്രശ്നം
❖ ഓക്കാനം, ഛർദി
❖ കഠിനമായ സന്ദർഭങ്ങളിൽ: എൻസെഫലൈറ്റിസ് (മസ്തിഷ്ക വീക്കം), കോമ, മരണം.

പ്രതിരോധ നടപടികൾ:

☸ വവ്വാലുകളുമായും അവയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളുമായും സമ്പർക്കം ഒഴിവാക്കുക

☸ വ്യക്തിഗത ശുചിത്വം പാലിക്കുക, കൈകൾ പതിവായി കഴുകുക

☸ പഴങ്ങൾ നന്നായി കഴുകി ഉപയോഗിക്കുക

☸ മൃഗങ്ങളുടെ ഇറച്ചി നന്നായി വേവിച്ച് മാത്രം കഴിക്കുക

☸ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.

Back to top button
error: