CrimeNEWS

എസ്.ഐയുടെ വെടിയേറ്റ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു; അബദ്ധത്തിലെന്ന പൊലീസ് വാദം തള്ളി കുടുംബം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സബ് ഇന്‍സ്‌പെക്ടറുടെ വെടിയേറ്റ് പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. അലിഗഢിലെ പൊലീസ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് യാക്കൂബ് ആണ് മരിച്ചത്. എസ്.ഐ: രാജീവ് കുമാര്‍ ജാമായ തോക്ക് ശരിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നെന്നും ബുള്ളറ്റ് അദ്ദേഹത്തിന്റെ വയറിന്റെ ഒരുവശം തുളച്ച് നേരെ യാക്കൂബിന്റെ തലയില്‍ പതിച്ചെന്നുമാണ് പൊലീസ് വിശദീകരണം. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.

അനധികൃത കന്നുകാലിക്കടത്തുകാരെ പിടിക്കാനുള്ള സ്‌പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ഇരുവരും. റെയ്ഡിനിടെ സംഘത്തില്‍പ്പെട്ട ഇന്‍സ്‌പെക്ടര്‍ അസ്ഹര്‍ ഹുസൈന്റെ സര്‍വീസ് പിസ്റ്റള്‍ ജാമാവുകയും ഇത് എസ്.ഐ രാജീവ് കുമാര്‍ ശരിയാക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയാണ് അപകടുണ്ടായതെന്നാണ് യു.പി പൊലീസ് പറയുന്നത്.

Signature-ad

തലയ്ക്കു വെടിയേറ്റ കോണ്‍സ്റ്റബിള്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. വയറിനു പരിക്കേറ്റ എസ്.ഐ രാജീവ് ചികിത്സിയിലാണ്. അതേസമയം, അപകടവുമായി ബന്ധപ്പെട്ട് യു.പി പൊലീസിന്റെ വാദം തള്ളുകയാണ് യാക്കൂബിന്റെ കുടുംബം. പൊലീസ് പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് യാക്കൂബിന്റെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

യാക്കൂബിന് വെടിയേറ്റ നെറ്റിയുടെ മധ്യഭാഗത്തേക്ക് വിരല്‍ ചൂണ്ടി, ‘വെടിയുണ്ട ഒരു പൊലീസുകാരന്റെ വയര്‍ തുളച്ച് എങ്ങനെ അവിടെ പതിക്കും’ എന്ന് അദ്ദേഹം ചോദിച്ചു. മകന്റെ മരണത്തില്‍ ഔദ്യോഗിക അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തില്‍, പൊലീസ് വാദത്തില്‍ സംശയമുന്നയിച്ച ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം മേധാവിയുമായി അസദുദ്ദീന്‍ ഉവൈസി, അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

Back to top button
error: