KeralaNEWS

കാട്ടാന ശല്യമോ? അക്ഷയ സെന്ററിലേക്ക് വിട്ടോ… കര്‍ഷകനെ ആക്ഷേപിച്ച് വനംവകുപ്പ്

ഇടുക്കി: കാട്ടാനശല്യത്തിന് പരിഹാരം തേടി വനം വകുപ്പിനെ സമീപിച്ച കര്‍ഷകനോട് അക്ഷയ കേന്ദ്രത്തില്‍ പരാതിനല്‍കാന്‍ നിര്‍ദേശിച്ചതായി ആക്ഷേപം. ഇടുക്കി കാന്തല്ലൂര്‍ തലച്ചോര്‍ കടവില്‍ സ്വദേശി രമേഷാണ് വനം വകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

വനം വകുപ്പിനെ സമീപിക്കുമ്പോള്‍ നടപടികള്‍ക്ക് പകരം നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാനാണ് നിര്‍ദേശമെന്നാണ് രമേഷ് ഉള്‍പ്പടെയുള്ള കര്‍ഷകരുടെ ആരോപണം. കാട്ടാന ശല്യം മൂലം ജോലിക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയാണെന്നും എങ്ങനെ ജീവിക്കും എന്നറിയില്ലെന്നും ഇവര്‍ പറയുന്നു.

Signature-ad

കഴിഞ്ഞ ഒരുമാസക്കാലമായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം ഏലം ,വാഴ,കവുങ്ങ് തുടങ്ങിയ കാര്‍ഷികവിളകളും സബര്‍ജില്‍, വെളുത്തുള്ളിത്തോട്ടങ്ങളും ചവിട്ടി മെതിച്ചു.

പത്ത് ദിവസം മുമ്പ് പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തില്‍ 80 അംഗ സംഘം ആനകളെ തുരത്താനുള്ള ശ്രമം നടത്തിയിരുന്നു. അഞ്ച് ആനകളെ കാട് കയറ്റിയെങ്കിലും ഇവ വീണ്ടും ജനവാസമേഖലയിലെത്തുന്നതിന്റെ ആശങ്കയിലാണ് പ്രദേശവാസികള്‍. ആനകളെ തുരത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും രാത്രി കാല നിരീക്ഷണം ശക്തമാക്കുമെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം.

 

Back to top button
error: