തിരുവനന്തപുരം: ചാരക്കേസിലെ ഗൂഢാലോചന തെളിയിക്കാന്‍ സി.ബി.ഐയ്ക്ക് ഏറ്റവും സഹായകമായത് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് 23 ദിവസം മുന്‍പേ ചാരക്കേസ് പത്രങ്ങളില്‍ തലക്കെട്ട് വാര്‍ത്തയായതാണ്. ഇന്‍സ്‌പെക്ടര്‍ വിജയനാണ് വിവരം തന്നതെന്ന് പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകര്‍ മൊഴിനല്‍കിയതോടെ അന്വേഷണം വിജയനിലേക്ക് തിരിഞ്ഞു.
കുറ്റപത്രത്തില്‍ വിജയന്റെ വഴിവിട്ട പ്രവൃത്തികളെക്കുറിച്ചുള്ള സാക്ഷി മൊഴികള്‍ സി. ബി.ഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ ഗതിയില്‍ കമ്മിഷണര്‍ എഴുതി നല്‍കുന്ന കേസുകളാണ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കുന്നതെന്ന് വിജയന്റെ സഹപ്രവര്‍ത്തകനായിരുന്ന സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ സി. സുരേഷ് ബാബു മൊഴിനല്‍കി. ചാരക്കേസ് അന്വേഷിക്കാന്‍ അത്തരം ഒരു നിര്‍ദ്ദേശം ഇല്ലായിരുന്നു.
1994 നവംബര്‍ 30ന് അറസ്റ്റ് ചെയ്ത നമ്പിനാരായണനെ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഗസ്റ്റ് ഹൗസില്‍ വച്ച് പോലീസ് കസ്റ്റഡിയിലിരിക്കെ ഐ. ബി. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. മര്‍ദ്ദനത്തില്‍ കുഴഞ്ഞുവീണ് അവശനായ നമ്പിനാരായണനെ ചികിത്സിക്കാന്‍ ഡോക്ടറെ കൊണ്ടുവന്നത് താനാണെന്ന് റിട്ട. എസ്.പി ബേബി ചാള്‍സ് മൊഴി നല്‍കി. ഡിവൈ.എസ്.പി ജോഷ്വാ ആണ് ഡോക്ടറെ വിളിക്കാന്‍ നിര്‍ദ്ദേശിച്ചത്. തിരുമല ശ്രീകൃഷ്ണ ഹോസ്പിറ്റലിലെ ഡോ. വി. സുകുമാരനാണ് പരിശോധിച്ചത്.ഗുരുതരമായ അവസ്ഥയിലാണെന്നും ഇനി മര്‍ദ്ദിച്ചാല്‍ മരിച്ചു പോകുമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി. കാല്‍മുട്ടിന് താഴെ നീരും രക്തം കട്ടപിടിച്ച പാടുകളുമുണ്ടായിരുന്നു. രണ്ട് ദിവസമായി പോലീസ് ഉറങ്ങാനോ ഇരിക്കാനോ അനുവദിച്ചില്ലെന്ന് നമ്പിനാരായണന്‍ പരാതി പറഞ്ഞതായി ഡോക്ടര്‍ മൊഴിനല്‍കി.
വിജയനും എസ്.ഐ ആയിരുന്ന തമ്പി.എസ്. ദുര്‍ഗ്ഗാദത്തും ക്രൂരമായി മര്‍ദ്ദിച്ചെന്ന് ജയിലില്‍ സന്ദര്‍ശിച്ച മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനോട് മറിയംറഷീദ പറഞ്ഞിരുന്നു. ഇതും മൊഴിയായി. പൂര്‍ണ്ണ നഗ്‌നയാക്കി കൈകള്‍ പിന്നിലാക്കി ജനലിനോട് ചേര്‍ത്ത് കെട്ടി തടിക്കസേര കൊണ്ട് കാലിന്റെ മുട്ടില്‍ അടിച്ചു. കസേര ഒടിഞ്ഞു പോയി.കാലുകള്‍ മറിയം കാട്ടിത്തന്നെന്നും ഹൃദയഭേദകമായിരുന്നു അതെന്ന് മാദ്ധ്യമപ്രവര്‍ത്തകന്റെ മൊഴിയിലുണ്ട്.