CrimeNEWS

സുരക്ഷാ പരിശോധനയ്ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ചു; സ്‌പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റില്‍

ജയ്പുര്‍: വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ചതിനു സ്‌പൈസ് ജെറ്റ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ 4 മണിയോടെ ജയ്പുര്‍ വിമാനത്താവളത്തിലെ ‘വെഹിക്കിള്‍ ഗേറ്റ്’ വഴി അനുമതിയില്ലാതെ കടക്കാന്‍ ശ്രമിച്ചതു തടഞ്ഞ എഎസ്‌ഐയെയാണ് എയര്‍ലൈനിലെ ഫുഡ് സൂപ്പര്‍വൈസറായ യുവതി അടിച്ചത്.

ആവശ്യമായ തിരിച്ചറിയല്‍ രേഖകളുണ്ടായിട്ടും യുവതിയോട് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറുകയും ഡ്യൂട്ടി സമയത്തിനുശേഷം വീട്ടിലെത്തി കാണാന്‍ ആവശ്യപ്പെടുകയും ചെയ്തതായി സ്‌പൈസ് ജെറ്റ് അധികൃതര്‍ പ്രതികരിച്ചു. ഉദ്യോഗസ്ഥനെ നിയമപരമായി നേരിടുമെന്നും സ്‌പൈസ് ജെറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Signature-ad

നാലു സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിമാനത്താവളത്തില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് എഎസ്‌ഐ ഗിരിരാജ് പ്രസാദ് യുവതിയെ തടഞ്ഞത്. സുരക്ഷാ പരിശോധനയ്ക്കു ഹാജരാകാനും ആവശ്യപ്പെട്ടു. വനിതാ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ സുരക്ഷാ പരിശോധനയ്ക്ക് യുവതി തയാറായില്ല. എസ്‌ഐയുടെ ആവശ്യപ്രകാരം വനിതാ ഉദ്യോഗസ്ഥ എത്തുന്നതിനു മുന്‍പു തന്നെ ഇവര്‍ ഗിരിരാജ് പ്രസാദിന്റെ മുഖത്തടിച്ചു.

യുവതിയുടെ പക്കല്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നല്‍കിയ കൃത്യമായ രേഖകളുണ്ടായിരുന്നുവെന്ന് സ്‌പൈസ് ജെറ്റ് വ്യക്തമാക്കി. അകാരണമായി ഇവരെ ഉദ്യോഗസ്ഥന്‍ തടയുകയായിരുന്നു. മോശമായ രീതിയില്‍ പെരുമാറിയ സിഐഎസ്എഫ് ഉദ്യോഗസ്ഥനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.

Back to top button
error: