NEWSWorld

ഇടതു സഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം; ഫ്രാന്‍സില്‍ തൂക്കുസഭയ്ക്ക് സാധ്യത

പാരീസ്: ഫ്രഞ്ച് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയിലേക്ക് നടന്ന രണ്ടാംവട്ട വോട്ടെടുപ്പില്‍ ഇടതുസഖ്യത്തിന് മുന്നേറ്റം. അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന തീവ്രവലതുപക്ഷ പാര്‍ട്ടി നാഷണല്‍ റാലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ റിനെയ്സെന്‍സ് പാര്‍ട്ടിയാണ് രണ്ടാമത്. അതേസമയം, 577 അംഗ നാഷണല്‍ അസംബ്ലിയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. 289 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ഇതോടെ ഫ്രാന്‍സില്‍ തൂക്കുസഭക്കാണ് സാധ്യത. ഫലം പൂര്‍ണ്ണമായും പുറത്തുവന്നിട്ടില്ല

Signature-ad

66.63% വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ ഇടത് സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് 182 സീറ്റ് നേടി. മക്രോണിന്റെ പാര്‍ട്ടിക്ക് 163 സീറ്റുകളാണ് കിട്ടിയത്. നാഷണല്‍ റാലി 143 സീറ്റുകളില്‍ വിജയിച്ചു.

കഴിഞ്ഞമാസം പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരത്തേയാക്കുകയാണെന്ന് പ്രസിഡന്റ് മക്രോണ്‍ പ്രഖ്യാപിച്ചതിനുശേഷം ചെറുസോഷ്യലിസ്റ്റ് പാര്‍ട്ടികള്‍, ഗ്രീന്‍പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവര്‍ചേര്‍ന്നു രൂപവത്കരിച്ച സഖ്യമാണ് എന്‍.പി.എഫ്.

ജൂണ്‍ 30-ന് നടന്ന ആദ്യവട്ട വോട്ടെടുപ്പില്‍ 33.15 ശതമാനം വോട്ടുനേടി മരീന്‍ ലെ പെന്നിന്റെ ആര്‍.എന്‍. പാര്‍ട്ടിയായിരുന്നു ഒന്നാമത്. അതിലൂടെ ആര്‍.എന്നിന്റെ 39 സ്ഥാനാര്‍ഥികള്‍ എം.പി.സ്ഥാനം ഉറപ്പിച്ചിരുന്നു. ഇതേനേട്ടം രണ്ടാംവട്ടവും ആവര്‍ത്തിക്കുമെന്ന അഭിപ്രായസര്‍വേകളെ അസ്ഥാനത്താക്കിയാണ് ഇടതുസഖ്യത്തിന്റെ കുതിപ്പ്. ആര്‍.എന്‍. വന്‍ജയം നേടുന്നത് ഒഴിവാക്കാന്‍ രണ്ടാംവട്ടത്തിനുമുമ്പ് മധ്യ, ഇടതുചേരികളിലെ ഇരുനൂറിലേറെ സ്ഥാനാര്‍ഥികള്‍ തന്ത്രപരമായ സഖ്യമുണ്ടാക്കിയിരുന്നു.

പുതിയസര്‍ക്കാര്‍ അധികാരത്തില്‍വന്നാലും മക്രോണിന് പ്രസിഡന്റ് സ്ഥാനത്ത് 2027 വരെ തുടരാം. ആദ്യവട്ടത്തില്‍ ആകെ പോളിങ് 25 ശതമാനത്തില്‍താഴെയുള്ളതും വിജയിക്ക് 50 ശതമാനമെങ്കിലും വോട്ടുകിട്ടാത്തതുമായ മണ്ഡലത്തിലായിരുന്നു രണ്ടാംവട്ട വോട്ടെടുപ്പ്.

 

 

 

Back to top button
error: