KeralaNEWS

വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു, കെ.എസ്.ഇ.ബി.ഓഫീസ് ആക്രമിച്ച പ്രതിക്ക് ‘ഇരുട്ടടി’

കോഴിക്കോട്: ബില്ലടയ്ക്കാത്തതിന് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതിന്റെ ദേഷ്യത്തില്‍ കെ.എസ്.ഇ.ബി. ഓഫീസ് അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത ആളുടെ വീട്ടിലെ വൈദ്യുതി ഇനിയൊരുത്തരവ് വരെ വിച്ഛേദിച്ചു. ചെയര്‍മാന്‍ ബിജുപ്രഭാകറിന്റെ നിര്‍ദ്ദേശപ്രകാരമാണിത്.

സംസ്ഥാനത്ത് ആദ്യമാണ് ഇത്ര ശക്തമായ നടപടി. അക്രമിക്കെതിരെ നിയമനടപടിയും സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. തിരുവമ്പാടി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലാണ് അതിക്രമം. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി വ്യക്തമാക്കി തിരുവമ്പാടി ഉള്ളാട്ടില്‍ ഹൗസില്‍ അജ്മല്‍ ആണ് ആക്രമണം നടത്തിയത്.

Signature-ad

ബില്ലടയ്ക്കാത്തതിന് ഇയാളുടെ പിതാവ് റസാക്കിന്റെ പേരിലുള്ള കണക്ഷനാണ് റദ്ദാക്കിയത്. തുടര്‍ന്ന് വെള്ളിയാഴ്ച കെ.എസ്.ഇ.ബി.ഓഫീസില്‍ എത്തിയ അജ്മല്‍ ഭീഷണി മുഴക്കുകയും ലൈന്‍മാന്‍ പ്രശാന്തിനെയും സഹായി അനന്തുവിനേയും കയ്യേറ്റം ചെയ്യുകയും ചെയ്തു.

ഇതിനെതിരെ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രശാന്ത്.പി. എസ് പൊലീസില്‍ പരാതി നല്‍കി. ഇതില്‍ കുപിതനായ അജ്മല്‍ കൂട്ടാളി ഷഹദാദിനൊപ്പം ഇന്നലെ രാവിലെ സണ്‍റൈസ് മീറ്റിംഗ് സമയത്ത് സെക്ഷന്‍ ഓഫീസില്‍ അതിക്രമിച്ചു കയറി പി.എസ്.പ്രശാന്തിന്റെ ദേഹത്ത് മലിന ജലം ഒഴിച്ച് ബഹളമുണ്ടാക്കി. സ്ത്രീകളുള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദ്ദിച്ചു. പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയ അക്രമികള്‍ കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ തച്ചുതകര്‍ത്ത് വലിയ നാശമുണ്ടാക്കി. മര്‍ദ്ദനമേറ്റ അസി. എന്‍ജിനീയറും നാല് ജീവനക്കാരും മുക്കം ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെ.എസ്.ഇ.ബി. ഓഫീസ് ആക്രമണങ്ങള്‍ കൂടുന്നതിനാലാണ് അധികൃതര്‍ ശക്തമായ നടപടി എടുക്കുന്നതെന്നാണ് വിശദീകരണം.

 

Back to top button
error: