CrimeNEWS

മദ്യപിച്ചെത്തിയതിനാല്‍ കോളജില്‍ കയറ്റിയില്ല; സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാര്‍ഥി കുത്തിക്കൊന്നു

ബംഗളൂരു: കോളജില്‍ മദ്യപിച്ചെത്തിയ വിദ്യാര്‍ഥി സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. ബംഗളൂരുവിലെ കെംപപുരയിലുള്ള സിന്ധി കോളജില്‍ ബുധനാഴ്ചയായിരുന്നു സംഭവം. കോളജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ജയ് കിഷോര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതി ഭാര്‍ഗവ് ജ്യോതി (22)യെ പൊലീസ് അറസ്റ്റ് ചെയ്തു.

കോളജിലെ അവസാന വര്‍ഷ ബിഎ വിദ്യാര്‍ഥിയാണ് ഭാര്‍ഗവ്. ബുധനാഴ്ച കോളജ് ഫെസ്റ്റിനിടെ പുറത്തേക്കിറങ്ങിയ ഇയാളെ ജയ് കിഷോര്‍ വിലക്കി. ഫെസ്റ്റിനിടെ പുറത്ത് പോകാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമില്ലെന്ന് ഇയാള്‍ അറിയിച്ചെങ്കിലും ഇത് വകവയ്ക്കാതെ ഭാര്‍ഗവ് പുറത്തിറങ്ങി. അല്പസമയത്തിന് ശേഷം വീണ്ടും ഇയാള്‍ കോളജിലെത്തി ഉള്ളിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജയ് കിഷോര്‍ അനുവദിച്ചില്ല. ഭാര്‍ഗവ് മദ്യപിച്ചിരുന്നതിനാല്‍ അകത്തേക്ക് കയറ്റുകയേ ഇല്ലെന്ന് വ്യക്തമാക്കി ഇയാള്‍ വിദ്യാര്‍ഥിയെ തിരിച്ചയച്ചു.

Signature-ad

അല്‍പസമയത്തിന് ശേഷം ഭാര്‍ഗവ് വീണ്ടുമെത്തി അകത്തേക്ക് കടത്തണമെന്ന് ജയ് കിഷോറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ജയ് കിഷോര്‍ സമ്മതിച്ചില്ല. വീണ്ടും പ്രവേശനം നിഷേധിച്ചതോടെ ഭാര്‍ഗവ് കയ്യില്‍ കരുതിയിരുന്ന കത്തി എടുത്ത് ജയ് കിഷോറിനെ കുത്തുകയായിരുന്നു.

ജയ് കിഷോറിന്റെ നെഞ്ചില്‍ നിരവധി തവണ കുത്തിയശേഷം ഭാര്‍ഗവ് ഓടി രക്ഷപെട്ടു. തുടര്‍ന്ന് പൊലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവം നടക്കുന്ന സമയം നിരവധി വിദ്യാര്‍ഥികളും പുറത്തുണ്ടായിരുന്നു. ഭാര്‍ഗവ് ജയ് കിഷോറിനെ കുത്തുന്നതും പിന്നീട് ഓടി രക്ഷപെടുന്നതുമൊക്കെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

കോളജ് ഫെസ്റ്റിന്റെ സമയത്ത് വിദ്യാര്‍ഥികള്‍ പുറത്ത് പോകുന്നത് തടയാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായി കോളജ് അധികൃതര്‍ സ്ഥിരീകരിക്കുന്നുണ്ട്. ജയ് കിഷോറിന്റെ ക്രിമിനല്‍ പശ്ചാത്തലവും മറ്റും പരിശോധിച്ചു വരുന്നതായാണ് ബംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമ്മിഷണര്‍ സഹില്‍ ബാംഗ്ല അറിയിക്കുന്നത്.

 

Back to top button
error: