CrimeTRENDING

കലയുടെ കൊലപാതകം അവിഹിതബന്ധം ആരോപിച്ച്; പെരുമ്പുഴ പാലത്തില്‍ വച്ച് കൃത്യം നടത്തി, ഭര്‍ത്താവ് ഒന്നാം പ്രതി

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കലയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് അവിഹിത ബന്ധം ആരോപിച്ച്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്ന കാര്യം. പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നു.

കേസില്‍ കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. പെരുമ്പുഴ പാലത്തില്‍ വച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറില്‍ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചു. 2009 ലാണ് സംഭവം നടന്നത്. ജിനു, സോമന്‍, പ്രമോദ് എന്നിവര്‍ യഥാക്രമം 2, 3, 4 പ്രതികളായ കേസില്‍ എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. എന്നാല്‍ പ്രതികള്‍ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറില്‍ പറയുന്നില്ല.

Signature-ad

പതിനഞ്ച് വര്‍ഷം മുന്‍പുള്ള തിരോധാന കേസിലാണ് ഇപ്പോള്‍ സത്യം തെളിയുന്നത്. ശ്രീകലയുടെയും അനിലിന്റെയും പ്രണയ വിവാഹമായിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു അനിലിന് ജോലി. ശ്രീകല അനിലിനെ പ്രണയിച്ച് വിവാഹം കഴിച്ചത് വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പിന്നീട് 2008-2009 കാലത്താണ് ശ്രീകലയെ കാണാതായത്. അന്ന് ശ്രീകലയുടെ കുടുംബം പരാതിയൊന്നും നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ തിരോധാനം അന്വേഷിക്കപ്പെട്ടില്ല.

വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഊമക്കത്തിലൂടെ പൊലീസിന് ചില വിവരങ്ങള്‍ കിട്ടിയതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്. അനിലിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത പൊലീസ് മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തില്‍ മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന തരത്തിലുള്ള ചില വസ്തുക്കള്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും കിട്ടി. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

കലയുടെ ഭര്‍ത്താവ് അനില്‍തന്നെയാണ് കൃത്യം ചെയ്തതന്നും പൊലീസ് സംശയിക്കുന്നു. എന്നാല്‍, കൊലപാതക രീതി എന്താണെന്നോ, എവിടെ വച്ചാണെന്നോ ഉറപ്പിച്ചു പറയാനാവല്ലെന്ന് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍ വ്യക്തമാക്കി. കേസില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനു പ്രത്യേക സംഘത്തെ രൂപീകരിച്ചു. കലയെ കാണാതായതായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലായിരുന്നുവെന്നും വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും എസ്പി പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ അനില്‍ കുമാര്‍ ഇസ്രയേലിലാണെന്നും ഉടന്‍ തന്നെ നാട്ടിലെത്തിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അമ്പലപ്പുഴ സ്റ്റേഷനിലാണു കൊലപാതക സൂചന അറിയിച്ചുകൊണ്ട് ഒരു കത്തു വരുന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ പൊലീസിലെ തന്നെ ചെറിയൊരു ടീമാണ് രഹസ്യസ്വഭാവത്തില്‍ അന്വേഷണം നടത്തിയത്. ഇപ്പോള്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.-എസ്പി പറഞ്ഞു.

കേസില്‍ കലയുടെ ഭര്‍ത്താവ് അനിലിന്റെ ബന്ധുക്കളായ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോമന്‍, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജന്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കലയുടെ ഭര്‍ത്താവ് അനിലാണ് കേസിലെ പ്രധാന പ്രതിയെന്നാണ് വിവരം. ഇയാളും മറ്റു പ്രതികളും ചേര്‍ന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടെന്ന് അറസ്റ്റിലായവര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: