തിരുവനന്തപുരം: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യാപിതാവിനെയും ഭാര്യാസഹോദരനെയും കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ കോടതി ജീവപര്യന്തം കഠിനതടവിനും 5,50,000 രൂപ പിഴക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.
മുട്ടത്തറ കല്ലുംമൂട് രാജീവ്ഗാന്ധി നഗര്‍ പുതുവല്‍ പുത്തന്‍വീട് സ്വദേശി അരുണിനെയാണ് ശിക്ഷിച്ചത്. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് ശിക്ഷ വിധിച്ചത്.
അരുണ്‍ തന്റെ ഭാര്യാപിതാവ് പൂജപ്പുര മുടവന്‍മുകള്‍ അനിത ഭവനില്‍ സുനില്‍കുമാര്‍, മകന്‍ അഖില്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. സുനില്‍കുമാറിന്റെ മകള്‍ അപര്‍ണ പ്രതിയുടെ മര്‍ദനം സഹിക്കവയ്യാതെ അവരുടെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു.
ഭാര്യയെ വിളിച്ചു കൊണ്ടുപോകുന്നതിനാണ് അരുണ്‍ സുനില്‍ കുമാറിന്റെ വീട്ടിലെത്തിയത്. മകളെ അരുണിനൊപ്പം വിടുന്നില്ലെന്ന് സുനില്‍കുമാറും പോകാന്‍ തയ്യാറല്ലെന്ന് അപര്‍ണയും നിലപാട് സ്വീകരിച്ചതോടെ അരുണ്‍ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് ആദ്യം സുനില്‍കുമാറിനെയും തടയാന്‍ ശ്രമിച്ച അഖിലിനെയും കുത്തിവീഴ്ത്തുകയായിരുന്നു.
2021 ഒക്ടോബര്‍ 12-ന് രാത്രി 8.30-ന് ആയിരുന്നു സംഭവം. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സാജന്‍ പ്രസാദ് ഹാജരായി.