KeralaNEWS

‘അമ്മ’ ഇലക്ഷൻ ഇന്ന്: മോഹൻലാലിന് എതിരില്ല, ഇടവേള ബാബുവിന് പകരം  സിദ്ദിഖ് വരും

   താരസംഘടന അമ്മയുടെ വാർഷിക പൊതുയോ​ഗം ഇന്ന് കൊച്ചിയിൽ ചേരും. പ്രസിഡൻ്റായി  മൂന്നാം തവണയും മോഹൻലാൽ തന്നെ തുടരും. കാൽനൂറ്റാണ്ടായി ജനറൽ സെക്രട്ടറിയായി  തുടർന്നു വന്ന ഇടവേള ബാബു പദവി ഒഴിഞ്ഞിരുന്നു. പുതിയ മുഖങ്ങൾ വരട്ടെ എന്ന നിലപാടിലാണ് ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം  ഒഴിഞ്ഞത്.

പകരക്കാരായി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരിക്കുന്നത്. നടന്‍ ജഗദീഷും ജയന്‍ ചേര്‍ത്തലയും മഞ്ജു പിള്ളയുമാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജുമാണ് മത്സര രംഗത്തുള്ളത്.

Signature-ad

ട്രഷററായി ഉണ്ണി മുകുന്ദൻ എതിരില്ലാതെ  തെരഞ്ഞെടുക്കപ്പെട്ടു. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവരും നാമനിർദേശപത്രിക നൽകി.

കഴിഞ്ഞ ഭരണസമിതിയിൽ ഉണ്ടായിരുന്ന ശ്വേത മേനോൻ, മണിയൻ പിള്ള രാജു, ലെന, ലാൽ, വിജയ് ബാബു, സുധീർ, ജയസൂര്യ എന്നിവർ ഇത്തവണ മത്സരരംഗത്തില്ല. വോട്ടിങ് അവകാശമുള്ള 506 അംഗങ്ങളാണ് ‘അമ്മ’യിലുള്ളത്.

ആകെ ഭാരവാഹികളില്‍ 4 പേര്‍ വനിതകളായിരിക്കണമെന്നാണ് സംഘടനയുടെ ഭരണഘടന. 3 വർഷത്തിലൊരിക്കലുള്ള തെരഞ്ഞെടുപ്പ് പൊതുയോഗമാണ് കൊച്ചി ഗോകുലം പാർക്കിൽ ഇന്ന് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: