IndiaNEWS

ഝാര്‍ഖണ്ഡില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍; നീറ്റ് തട്ടിപ്പില്‍ ഗുജറാത്തിലും തിരച്ചില്‍

ന്യൂഡല്‍ഹി: നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടു മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് സിബിഐ. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ ഹിന്ദി പത്രത്തില്‍ ജോലി ചെയ്യുന്ന ജമാലുദ്ദീനാണു അറസ്റ്റിലായത്. കഴിഞ്ഞദിവസം അറസ്റ്റിലായ ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും സഹായിച്ചെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റമെന്നു സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.

ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എഹ്സാനുല്‍ ഹഖ്, വൈസ് പ്രിന്‍സിപ്പല്‍ ഇംതിയാസ് ആലം എന്നിവര്‍ക്കു ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നിര്‍ണായക പങ്കുണ്ടെന്നാണു കരുതുന്നത്. ദേശീയ പരീക്ഷാ ഏജന്‍സിയുടെ (എന്‍ടിഎ) നിരീക്ഷകനായും ഒയാസിസ് സ്‌കൂള്‍ സെന്റര്‍ കോഓര്‍ഡിനേറ്ററായും ആലമിനെ നിയമിച്ചിരുന്നു. മേയ് അഞ്ചിന് എന്‍ടിഎ നടത്തിയ നീറ്റ് പരീക്ഷയുടെ ഹസാരിബാഗ് ജില്ലാ കോര്‍ഡിനേറ്ററായിരുന്നു എഹ്സാനുല്‍ ഹഖ്. ഹസാരിബാഗ് ജില്ലയില്‍ നിന്നുള്ള 5 പേരെ കൂടി ചോദ്യം ചെയ്യുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Signature-ad

ഗുജറാത്തില്‍, ഗോധ്ര പൊലീസ് നേരത്തേ അന്വേഷിച്ച എഫ്‌ഐആറുമായി ബന്ധപ്പെട്ടു ഗോധ്ര, ഖേഡ, അഹമ്മദാബാദ്, ആനന്ദ് എന്നിവിടങ്ങളിലെ 7 സ്ഥലങ്ങളില്‍ സിബിഐ സംഘം പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ജൂണ്‍ 23ന് കേസെടുത്ത സിബിഐ 27നാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്.

Back to top button
error: