KeralaNEWS

ഇതാ ഒരു സ്നേഹഗാഥ: കേരളം അറിയാത്ത ആർ. ബാലകൃഷ്ണ പിള്ള, ഉള്ളു നിറയെ ആർദ്രതയും സ്നേഹവായ്പും

കണ്ണുനനയാതെ വായിച്ചുതീർക്കാനാവാത്ത ഒരാത്മബന്ധത്തിന്‍റെ കഥ

     ആദർശങ്ങളുടെയും ആർദ്രതയുടെയും ആൾരൂപമായി ആര്‍ ബാലകൃഷ്ണപിള്ളയെ കേരളം  വിലയിരുത്തിയിട്ടില്ല. മാനവികതയുടെ മഹത് വചനങ്ങളായി അദ്ദേഹത്തിൻ്റെ വാക്കുകൾ സമൂഹം ഉൾക്കൊണ്ടിട്ടുമില്ല. എന്നാൽ മാധ്യമങ്ങൾ ചാർത്തിക്കൊടുത്ത ആടയാഭരണങ്ങൾക്കും കേരളത്തിലെ പൊതു സമൂഹത്തിൻ്റെ വിലയിരുത്തലുകൾക്കും അപ്പുറം മറ്റൊരു വ്യക്തിത്വമാണ് ആര്‍ ബാലകൃഷ്ണപിള്ളയുടേതെന്ന് അനുഭവങ്ങളിലൂടെ വെളിപ്പെടുത്തുകയാണ് സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥനും സ്വതന്ത്ര പത്രപ്രവർത്തകനും ഇപ്പോൾ കെരളാ പി എസ് സി അംഗവുമായ എസ്.എ സെയ്ഫ്. ‘മാധ്യമ’ത്തിൽ  ആര്‍ ബാലകൃഷ്ണപിള്ളയുടെ ജീവിതകഥ എഴുതിയതിലൂടെ അദ്ദേഹവുമായി സെയ്ഫിന് പുത്ര സമാനമായ ഒരു വ്യക്തിബന്ധം ഉടലെടുത്തു.

ആര്‍ ബാലകൃഷ്ണപിള്ളയുടെ ആത്മകഥ ‘മാധ്യമ’ത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ജയിലില്‍ പോകേണ്ടി വന്നത്. കേരളമാകെ വിവാദമുയര്‍ത്തിയ ആത്മകഥയിലെ ഏടുകള്‍ അദ്ദേഹത്തിൻ്റെ നിലപാടും നിലനില്‍പ്പും ആയി മാറി. രചനാകാലത്തെയും പില്‍ക്കാലത്തെയും സ്നേഹാനുഭവ ങ്ങളിലൂടെ മറ്റൊരു ആര്‍ ബാലകൃഷ്ണപിള്ളയെയാണ്  സെയ്ഫ് വരച്ചിട്ടുന്നത്.

Signature-ad

“ആർ. ബാലകൃഷ്ണ പിള്ള സാറിന്റെ അന്നത്തെ മുഖഭാവം ഇന്നും ഒളിമങ്ങാതെ മനസ്സിലുണ്ട്. അനുസരണക്കേട് കാട്ടിയ ഒരു മകനോട് അച്ഛൻ കാണിക്കുന്ന സ്നേഹം നിറഞ്ഞ പരിഭവം മുഖമാകെ നിറച്ച് വച്ച് എന്നെ നോക്കിയ നോട്ടം. എത്രമേൽ ആർ.ബാലകൃഷ്ണപിള്ള സാർ എന്നെ സ്നേഹിച്ചിരുന്നു എന്നതിന് ഇടം കൈവെള്ളയിൽ താടിയൂന്നി സജലങ്ങളായ കണ്ണുകളാൽ എന്നെ നോക്കിയിരുന്ന ഏതാനും നിമിഷങ്ങൾ എനിക്ക് ജീവനുള്ള കാലത്തോളം സാക്ഷ്യം പറയും.

2010 നവംബറിൽ ആയിരുന്നു ആ സംഭവം. ഞാനന്ന് അടൂർ താലൂക്ക് സപ്ലൈ ഓഫീസിൽ റേഷനിംഗ് ഇൻസ്പക്ടറാണ്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ പറ്റിയുള്ള ഒരു അനുസ്മരണക്കുറിപ്പ് തയ്യാറാക്കാനാണ്, അതിനും രണ്ടാണ്ട് മുമ്പ് ഞാൻ സാറിനെ കാണുന്നത്. അന്ന് തുടങ്ങിയ ആത്മബന്ധം മെല്ലെ അദ്ദേഹത്തിന്റെ ആത്മകഥ എഴുതാൻ ഒപ്പം കൂടുന്നതിലേക്ക് വളർന്നു. ഒരുപാട് നാളത്തെ നിർബന്ധത്തിന് ശേഷമാണ് അദ്ദേഹം വഴങ്ങിയത്. എഴുത്തും ഖണ്ഡശ്ശയുള്ള പ്രസിദ്ധീകരണവും മുറയ്ക്ക് നടക്കുകയാണ്. സാർ വീട്ടിലുള്ളപ്പോഴും എന്റെ അവധി ദിവസങ്ങൾ ക്രമീകരിച്ചുമാണ് എഴുത്ത്. എഴുതാൻ കൊട്ടാരക്കരയിലെയോ വാളകത്തെയോ വീട്ടിലെത്തുമ്പോൾ അവിടെ എന്നെ കാത്ത് അമ്മ ഇരിപ്പുണ്ടാകും. അമ്മ എന്നാൽ ആർ. ബാലകൃഷ്ണപിള്ള സാറിന്റെ പത്നി വൽസലയമ്മ. എന്റെ അമ്മയെപ്പോലെയായിരുന്നു കാഴ്ചയിൽ. എന്നോട് ഒരുപാട് സംസാരിക്കും. സ്നേഹിക്കാൻ മാത്രം അറിയാമായിരുന്ന ഒരമ്മ. സാറിന്റെ ജീവിതയാത്രയിലെ വഴിവിളക്കായിരുന്നു വൽസലയമ്മ.
അമ്മയുടെ സ്നേഹവർത്തമാനങ്ങൾക്ക് ചെവി കൊടുത്ത ശേഷമാണ് ഞാൻ സാറിന്റെ അടുത്തേക്ക്  പോകുക.  കുറിക്കാനുള്ള ബുക്കും പേനയും ഒരു ഡിജിറ്റൽ റെക്കോർഡറും അവയെല്ലാം വെക്കുന്ന ഒരു ചെറിയ പ്ലാസ്റ്റിക് സഞ്ചിയുമാണ് എന്റെ പക്കലുണ്ടാവുക. അദ്ദേഹം പറഞ്ഞു തരുന്നതിൽ പലതും ഇന്നും എന്റെ ഡിജിറ്റൽ റെക്കോർഡറിൽ ഭദ്രമായുണ്ട്. സാറിനെക്കുറിച്ചുള്ള ഓർമ്മകൾ നേർത്ത നൊമ്പരമായി ഉയരുമ്പോൾ കുറച്ച് നേരം ഞാനത് കേൾക്കും.

മുത്തങ്ങാ വെടിവെപ്പിനെ കുറിച്ചുള്ള ഓർമ്മകൾ സാർ പറഞ്ഞു തുടങ്ങി. സ്വഛശാന്തമായൊഴുന്ന ഒരു പുഴ കടലിൽ എത്തിച്ചേരും പോലെ അദ്ദേഹത്തിന്റെ ബോധ്യങ്ങളും ഓർമ്മകളും ഡിജിറ്റൽ റെക്കോർഡറിൽ വന്ന് നിറയുകയാണ്. ഞാൻ പ്രധാന ഭാഗങ്ങൾ ബുക്കിൽ കുറിക്കുന്നുമുണ്ട്.
ഈ സമയം സാറിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ശങ്കരൻ കുട്ടി ചേട്ടൻ കൈയിൽ ഒരു സഞ്ചിയുമായി മുറിയിലേക്ക് വന്നു. കൃശഗാത്രനായ ശങ്കരൻ കുട്ടി ചേട്ടൻ താഴ്ന്നസ്ഥായിയിലേ സംസാരിക്കൂ. സാറിന്റെ ജീവിതത്തിലെ എല്ലാപരീക്ഷണഘട്ടങ്ങളിലും കൂടെപ്പിറപ്പിനെ പോലെ ഒപ്പം നിന്ന ആൾ.

‘റബർ വെട്ടാൻ കാരാറെടുത്തയാൾ പൈസ തന്നു. അടുത്തയാഴ്ച വെട്ട് തുടങ്ങുമെന്ന് പറഞ്ഞു.’

സഞ്ചി മേശപ്പുറത്ത് വച്ചിട്ട് പൊയ്ക്കോളാൻ സാർ ആംഗ്യം കാണിച്ചിട്ട് സംഭാഷണം തുടർന്നു.
ഏതാണ്ട് മുക്കാൽ മണിക്കൂർ പറഞ്ഞ് അന്നത്തെ എഴുത്ത് അവസാനിക്കാറായപ്പോഴേക്കും സാറിന്റെ സന്തത സഹചാരിയായ കൃഷ്ണപിള്ള ചേട്ടൻ ചായയുമായി വന്നു. ചായ കുടിക്കുന്നതിനിടെ സാർ സഞ്ചി തുറന്ന് നോക്കി. നാലഞ്ച് ലക്ഷം രൂപയുണ്ട്. സാറിന്റെ ഏക്കർ കണക്കിന് തോട്ടത്തിലെ റബർ മരങ്ങളുടെ ടാപ്പിംഗ് കരാർ എടുത്തയാൾ കൊടുത്ത അഡ്വാൻസാണ് സഞ്ചിയിൽ.
അദ്ദേഹം സഞ്ചിയിൽ നിന്ന് ആയിരം രൂപയുടെ നാല് കെട്ടുകൾ മേശപ്പുറത്ത് എടുത്തവച്ചിട്ട് എന്നോട് പ്ലാസ്റ്റിക് കവർ തുറക്കാൻ ആവശ്യപ്പെട്ടു. ഞാൻ അത്ഭുതത്തോടെ സാറിനെ നോക്കി.

‘ഈ രൂപ എടുത്ത് കവറിൽ വെക്ക്…’
പിതൃനിർവിശേഷമായ സ്നേഹത്തോടെ എന്നോട് പറഞ്ഞ ആ വാക്കുകൾക്ക് ഒരു ആജ്ഞയുടെ സ്വഭാവം കൂടി ഉണ്ടായിരുന്നു.
ഏതാനും മാത്ര എന്തു ചെയ്യണമെന്നറിയാതെ ഇരുന്ന ഞാൻ മെല്ലെ പറഞ്ഞു:

‘ഈ പൈസ കൊണ്ടു പോകേണ്ടിവന്നാൽ ഇന്ന് ഞാൻ ഈ പണി നിർത്തും. എനിക്ക് ആനുകാലികത്തിൽ നിന്ന് ലക്കത്തിന് 3000 രൂപ വച്ച് കിട്ടുന്നുണ്ട്. അത് മതി സർ. ഞാൻ പൈസ മോഹിച്ച് എഴുതുന്നതല്ല. ദയവ് ചെയ്ത് സാർ പൈസ തരരുത്. എനിക്കത് വിഷമമാണ്.’
ഇത്രയും പറഞ്ഞിട്ട് ഞാൻ തന്നെ നാല് കെട്ടും സഞ്ചിയിൽ ഇട്ടു.
അദ്ദേഹം കുറച്ച് സമയം എന്തോ ആലോചിച്ച് ഇരുന്നു. എന്നിട്ട് ശങ്കരൻ കുട്ടി ചേട്ടനെ വിളിച്ച് സഞ്ചി അകത്തേക്ക് കൊടുത്തു വിട്ടു.

ക്രൂരമായ വേട്ടയാടലുകളും പരീക്ഷണങ്ങളും നേരിട്ട ഘട്ടങ്ങളിൽ പോലും നെഞ്ചു വിരിച്ചു നിന്നിട്ടുള്ള ആ വിജിഗീഷുവിന്റെ കണ്ണുകൾ ആ നേരം നേർത്ത രീതിയിൽ നിറഞ്ഞിരുന്നു. എന്റെ ജീവിതത്തിന്റെ ഭാഗമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്ന സാർ എഴുത്തിനുള്ള പ്രതിഫലം എന്ന നിലയിൽ ആ തുക തന്നു എന്ന ചിന്ത എന്നെയും വേദനിപ്പിച്ചു. അതു കൊണ്ടാണ് എന്റെ അച്ഛനോട് സംസാരിക്കുന്ന രീതിയിൽ ഞാനത് നിരാകരിച്ചത്. അത് മനസ്സിലാക്കിയാട്ടാവാം ആ വലിയ മനസ്സിന്റെ തേങ്ങലിൽ കണ്ണുകൾ നനഞ്ഞത്.
പിന്നങ്ങോട്ട് അദ്ദേഹം എന്നെ ഒരു മകനെ പോലെ കണ്ടു. അത് മനസിലാക്കിയ ഗണേഷേട്ടൻ ഒരിക്കൽ പാതി തമാശയെന്നോണം പറഞ്ഞു:

‘അച്ഛന് എന്നെക്കാളും ഇഷ്ടം സെയ്ഫിനെ ആണ്’ എന്ന്. എന്നെക്കാൾ ഒന്നോ രണ്ടോ വയസ്സിന് ഇളയതാണ് ഗണേഷേട്ടൻ എങ്കിലും എപ്പോഴോ മനസ്സിൽ കടന്നു കൂടിയതാണ് ജ്യേഷ്ഠ സഹോദരൻ എന്ന വികാരം. ഞാനും ഗണേഷേട്ടനും അപൂർവ്വമായേ കാണാറുള്ളൂ. എത്ര മാസത്തെ ഇടവേളക്ക് ശേഷം കണ്ടാലും ഒരു കൂടെപ്പിറപ്പിനോടുള്ള സ്നേഹവായ്പ്പോടെ ഗണേഷേട്ടൻ സംസാരിച്ചു തുടങ്ങും. എന്നോടുള്ള പരിഭവം പോലും ഗണേഷേട്ടൻ, എനിക്ക് വേദനിച്ചാലോ എന്ന് കരുതി നേരിട്ട് പറയാറില്ല. സാറും ഗണേഷേട്ടനും ഒരിക്കലും എന്റെ ജനാധിപത്യപരമായ ബോധ്യത്തെ പറ്റി ഒന്നും ചോദിച്ചിട്ടില്ല, പറഞ്ഞിട്ടുമില്ല.
അവർ ഇരുവരും കൊട്ടാരക്കരയിലെ വീട്ടിൽ ഒന്നിച്ചുള്ള ഒരു ദിവസം ,കൃത്യമായി പറഞ്ഞാൽ 2020 ഡിസംബർ 21 രാവിലെ എട്ടരക്ക് എനിക്കൊരു വിളി വന്നു. ‘സാറിന് കാണണം, അത്യാവശ്യമായി എത്തണം’ എന്നറിയിച്ചു. ഞാൻ ചെന്നപ്പോൾ സാറും ഗണേഷേട്ടനും ഉണ്ട്. സാർ കിടക്കുകയാണ്. സാറിന്റെ ആരോഗ്യാവസ്ഥ മോശമായി തുടങ്ങിയ ഘട്ടമായിരുന്നു അത്. അവിടം വരെ ചെല്ലാൻ പലപ്പോഴും ആവശ്യപ്പെടുകയും ഞാൻ എത്തുകയും ചെയ്യുന്നത് പതിവായതിനാൽ ഈ വിളിയിലും പ്രത്യേകിച്ച് ഒന്നും തോന്നാതെയാണ് ചെന്നത്.
അരികിൽ കസേരയിട്ട് ഇരിക്കുകയായിരുന്ന ഗണേഷേട്ടനെ നോക്കി സാർ പറഞ്ഞു.
‘നീ പറ’
‘അച്ഛൻ പറ…’ എന്ന് മറുപടി.

ഒന്നും മനസ്സിലാകാതെ ഞാൻ സാറിന്റെ കട്ടിലിനരികിൽ നിന്നു.

‘ നീ പറയെടാ…’
സാർ സ്നേഹപൂർവ്വം ഗണേഷേട്ടനെ നിർബന്ധിച്ചു.
ഗണേഷേട്ടൻ പറഞ്ഞു തുടങ്ങി.

  ‘കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷമായി അച്ഛനൊപ്പം സെയ്ഫ് ഉണ്ട്. നിങ്ങൾ തമ്മിലുള്ള സ്നേഹത്തിൻ്റെ വലിപ്പവും എനിക്കറിയാം. വളരെ പ്രധാനപ്പെട്ടൊരു പദവിയിലേക്ക് സെയ്ഫിന്റെ പേര് നിർദ്ദേശിക്കുന്നതിൽ അച്ഛൻ എന്നോട് അഭിപ്രായം ചോദിച്ചു. ഞങ്ങൾ ഒന്നിച്ചൊരു തീരുമാനം എടുത്തു. സെയ്ഫിന്റെ പേരാണ് കൊടുക്കുന്നത്.’

ഇത്രയും പറഞ്ഞിട്ട് തസ്തികയുടെ വിവരങ്ങളും നിയമനരീതിയും എല്ലാം ഗണേഷേട്ടൻ വിശദീകരിച്ചു.
അതെല്ലാം പിന്നീട് യാഥാർത്ഥ്യമായി വന്നു.
നിയമന വിവരം അറിഞ്ഞ് 2021 ഫെബ്രുവരി 10 ന്.

ഞാൻ ചെന്നപ്പോൾ കിടന്ന കിടപ്പിൽ തലയിൽ ഇരുകൈകളും ചേർത്ത് വച്ച് അനുഗ്രഹിച്ചു. ആ നിമിഷങ്ങളിൽ സാറും ഞാനും കരയുകയായിരുന്നു. പിന്നെപ്പിന്നെ സാറിന്റെ ആരോഗ്യാവസ്ഥ മോശമായിക്കൊണ്ടിരുന്നു.
മേയ്  3ന് അദ്ദേഹം പോയി.
ആ മനസ്സ് നിറയെ എന്നോടുള്ള സ്നേഹമായിരുന്നു. ക്ഷിപ്രകോപിയും ഉഗ്രപ്രതാപിയും ആയിരുന്നെങ്കിലും എന്നോട് വാൽസല്യത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. കേരള രാഷ്ട്രീയത്തിലെ ആർക്കുമറിയാത്ത അണിയറക്കഥകൾ അണമുറിയാതെ പറഞ്ഞ എത്രയോ അവസരങ്ങൾ. ചിരിച്ച് മറിയുന്ന ഫലിതങ്ങൾ. ഭാവി കേരളത്തെപ്പറ്റിയുള്ള കൃത്യമായ നിഗമനങ്ങൾ. ഒക്കെയും അദ്ദേഹത്തിൽ നിന്ന് അനുഭവിച്ചറിഞ്ഞു.
സ്നേഹത്തിൻ്റെ പര്യായമായിരുന്നു അദ്ദേഹം എനിക്ക്.
ഗണേഷേട്ടനോട് അന്നും ഇന്നും ഞാൻ സാറിനെ പറ്റി സംസാരിക്കുമ്പോൾ ‘അച്ഛൻ’ എന്നാണ് പറയാറ്. അതിനുള്ള സ്വാതന്ത്ര്യവും അവകാശവും ഗണേഷേട്ടൻ എനിക്ക് തന്നിട്ടുണ്ട്. അതും തലമുറ കൈമാറി എന്നിലേക്ക് പകർന്ന് കിട്ടിയൊരു സുകൃതം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: