ബിഹാര്‍ തെരഞ്ഞെടുപ്പ്: ഇക്കുറിയും മുസ്ലിം സ്ഥാനാര്‍ഥികളുടെ എണ്ണം തുച്ഛം; 17 ശതമാനം ജനസംഖ്യയുണ്ടായിട്ടും എല്ലാ പാര്‍ട്ടികളിലുമായി 243 സീറ്റില്‍ 35 പേര്‍ മാത്രം; കൂടുതല്‍ സീറ്റുകള്‍ നല്‍കിയത് ആര്‍ജെഡി, തൊട്ടു പിന്നില്‍ കോണ്‍ഗ്രസ്; ബിജെപിക്കു വട്ടപ്പൂജ്യം

പാറ്റ്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് ചൂടിലേക്കു കടക്കുമ്പോള്‍ ആര്‍ജെഡി അടക്കമുള്ള പാര്‍ട്ടികള്‍ ന്യൂനപക്ഷമായ മുസ്ലിംകളെ അകറ്റി നിര്‍ത്തുന്നെന്ന ആരോപണവും കടുക്കുന്നു. സംസ്ഥാനത്തു 17.7 ശതമാനം മുസ്ലിംകളുണ്ടായിട്ടും എല്ലാ മുന്നണികളിലുമായി അവരുടെ പ്രാതിനിധ്യം 35 സീറ്റുകളില്‍ ഒതുങ്ങി. ആകെയുള്ള 243 സീറ്റില്‍ 203 സീറ്റ് ജനറല്‍ കാറ്റഗറിയിലും 40 സീറ്റ് എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്കുമാണ്.
143 സീറ്റില്‍ മത്സരിക്കുന്ന ആര്‍ജെഡി 18 സീറ്റുകള്‍ മുസ്ലിംകള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. 61 സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് 10 സീറ്റും സിപിഐ-എംഎല്‍ (ലിബറേഷന്‍) രണ്ടു സീറ്റും മുസ്ലിംകള്‍ക്കായി മാറ്റിവച്ചു. മുകേഷ് സഹാനി നയിക്കുന്ന വിഐപി, ഇന്ത്യ മുന്നണിയിലുണ്ടായിട്ടും ഒറ്റ സീറ്റുപോലും നല്‍കിയിട്ടില്ല.
എന്‍ഡിഎ ക്യാമ്പില്‍ നിതീഷ് കുമാറിന്റെ ജെഡിയു നാലു മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തി. ആകെ 101 സീറ്റുകളിലാണ് ജെഡിയുവിനു സ്ഥാനാര്‍ഥികളുള്ളത്. ചിരാഗ് പാസ്വാന്‍ നയിക്കുന്ന ലോക് ജനശക്തി പാര്‍ട്ടി (രാംവിലാസ്) ഒരു സീറ്റ് മുസ്ലിം വിഭാഗത്തിനു നല്‍കി. എല്‍ജെപി 29 സീറ്റിലാണു മത്സരിക്കുന്നത്. 2020ല്‍ ആര്‍ജെഡി മത്സരിച്ച 144 സീറ്റുകളില്‍ 20 എണ്ണം മുസ്ലിംകള്‍ക്കു നല്‍കിയിരുന്നു. കോണ്‍ഗ്രസ് 70ല്‍ 12 സീറ്റുകളും നല്‍കി.
ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണികള്‍ ഏറെക്കുറെ മുസ്ലിംകളെ ഒഴിവാക്കിയിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥികളായി ഒറ്റ മുസ്ലിമിനുപോലും ടിക്കറ്റ് നല്‍കിയിട്ടില്ല. ആദ്യ പട്ടിക പുറത്തിറങ്ങിയപ്പോള്‍ ജെഡിയുവിനും സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നില്ല.
ബിഹാസിലെ മുസ്ലിം സ്ഥാനാര്‍ഥികളുടെ എണ്ണം ഓരോ ഘട്ടത്തിലും വ്യത്യാസപ്പെട്ടിരുന്നു. 1990, 2020 വര്‍ഷങ്ങളില്‍ എട്ടു ശതമാനമാണ് മുസ്ലിം പ്രാതിനിധ്യം. 2020ല്‍ ആകെ 19 മുസ്ലിം സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത്. 243 സീറ്റില്‍ 7.81 ശതമാനമാണ് പ്രാതിനിധ്യം.
2015ല്‍ ലഭിച്ച 24 സീറ്റാണ് ഇതുവരെ ലഭിച്ച ഏറ്റവും ഉയര്‍ന്ന സംഖ്യ. പാര്‍ട്ടികളുടെ മുന്നണിമാറ്റത്തിന് അനുസരിച്ച് മുസ്ലിം സ്ഥാനാര്‍ഥികളുടെ എണ്ണത്തിലും വ്യത്യാസമുണ്ടായി. 1989ല്‍െ ബഗല്‍പുര്‍ വര്‍ഗീയ കലാപത്തിനുശേഷമാണ് മുസ്ലിം സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായത്. കോണ്‍ഗ്രസുമായി തെറ്റിയതു മുതലാക്കിയാണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് മുസ്ലിംകളെ കാര്യമായി മാറ്റി നിര്‍ത്തിയത്.
‘എന്റെ പിതാവും നേതാവുമായ രാംവിലാസ് പാസ്വാന്‍ 2005ല്‍ മുസ്ലിം മുഖ്യമന്ത്രിക്കായി വഴികാട്ടിയെങ്കിലും ആര്‍ജെഡി പിന്തുണ നല്‍കാതിരുന്നതോടെ ആ സ്വപ്‌നം വഴിമുട്ടി’യെന്നാണു കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍ എക്‌സില്‍ കുറിച്ചത്. ‘2005ല്‍ മുസ്ലിം മുഖ്യമന്ത്രിക്കു പിന്തുണ നല്‍കാന്‍ ആര്‍ജെഡി തയാറായിരുന്നില്ല. 2025ലും ഇവര്‍ അതിനു തയാറല്ല. ഉപമുഖ്യമന്ത്രി പദം പോലും വാഗ്ദാനം ചെയ്യുന്നില്ലെന്നും’ ചിരാഗ് കുറിച്ചു.






