IndiaNEWS

അരവിന്ദ് കേജ്‌രിവാൾ ഇന്ന് പുറത്ത് വരും, ജയിലിലായി 3 മാസം തികയാനിരിക്കെ സ്ഥിരജാമ്യം അനുവദിച്ച് കോടതി

   മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു ജാമ്യം. അറസ്റ്റിലായി ജൂൺ 21നു 3 മാസം തികയാനിരിക്കെയാണ് ഡൽഹി റോസ് അവന്യു കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവ് 48 മണിക്കൂര്‍ നേരത്തേക്ക് സ്റ്റേ ചെയ്യണമെന്ന് ഇ.ഡി  ആവശ്യപ്പെട്ടെങ്കിലും കോടതി  അതംഗീകരിച്ചില്ല. ജാമ്യത്തിൽ യാതൊരു സ്റ്റേയും ഇല്ലെന്ന് സ്പെഷ്യൽ ജഡ്ജ് ബിന്ദു വ്യക്തമാക്കി. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. കോടതി നടപടികൾ പൂർത്തിയാക്കി കേജ്‍രിവാൾ ഇന്ന് ജയിൽമോചിതനാകും.

മദ്യനയക്കേസിൽ ആംആദ്മി പാർട്ടിയെയും ‌കേജ്‌രിവാളിനെയും പ്രതിചേർത്താണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആദ്യമായാണു രാഷ്ട്രീയ പാർട്ടിയും നിലവിലെ മുഖ്യമന്ത്രിയും പ്രതിചേർക്കപ്പെട്ടത്. എഎപിയുടെ ദേശീയ കൺവീനർ എന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും കേജ്‌രിവാളിനെതിരെ ആരോപണങ്ങൾ ഉയർത്തിയിരുന്നു. കള്ളപ്പണ ഇടപാടുകാരനായ ഒരു വ്യക്തിയുമായി കേജ്‌രിവാൾ നടത്തിയ ആശയവിനിമയത്തിന്റെ രേഖകൾ ഉൾപ്പെടെ ഇ.ഡി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Signature-ad

മദ്യനയക്കേസിൽ മുഖ്യസൂത്രധാരൻ കേജ്‌രിവാളാണ് എന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. അതിന്റെ നേട്ടം  എഎപിക്കു ലഭിച്ചെന്നു ചൂണ്ടിക്കാട്ടിയാണു പാർട്ടിയെയും പ്രതിചേർത്തത്.

കെജ്‌രിവാളിനെതിരേ ഇ.ഡിയുടെ പക്കൽ തെളിവുകളില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ  വാദിച്ചു. കെജ്‌രിവാളിനെതിരെ ഉള്ള എല്ലാ കേസും ചില മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

മാർച്ച് 21-നാണ് കെജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അദ്ദേഹത്തിന് നേരത്തെ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് ജൂൺ ഒന്നിന്‌ അവസാനിച്ചു. തുടർന്ന് ജൂൺ 2ന്‌ അദ്ദേഹം തിരികെ ജയിലിലേക്ക് മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തിന് സ്ഥിര ജാമ്യം അനുവദിച്ചിരിക്കുന്നത്.

Back to top button
error: