ഓട്ടമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം. വിവരമറിഞ്ഞ കുട്ടിയുടെ വല്യുമ്മ ആശുപത്രിയിൽ കുഴഞ്ഞു വീണുമരിച്ചു. വൈലത്തൂർ ചിലവിൽ ചങ്ങണംകാട്ടിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ് സിനാൻ ആണ് ഗേറ്റിനിടയിൽ കുടുങ്ങി ഇന്നലെ ( വ്യാഴം) വൈകിട്ട് മരിച്ചത്. തിരൂർ ആലിൻ ചുവട് എം.ഇ.ടി സെൻട്രൽ സ്കൂൾ വിദ്യാർഥിയാണ് സിനാൻ. ചെറുമകൻ മരിച്ച വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ സിനാൻ്റെ പിതാവ് ഗഫൂറിന്റെ മാതാവ് പാങ്ങ് കല്ലങ്ങാട്ടുകുഴിയിൽ ആസ്യ (51) രാത്രി 12 മണിയോടെ കുഴഞ്ഞു വീണു മരിച്ചു.
വ്യാഴാഴ്ച വൈകിട്ട് 4ന് ശേഷമാണ് കുട്ടി അപകടത്തിൽ പെട്ടത്. അയൽ വീട്ടിലെ ഓട്ടമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് നമസ്കാരത്തിനു പോകുമ്പോഴാണ് ഗേറ്റിൽ കുടുങ്ങിയത്. ഇതുവഴി നടന്നു പോകുകയായിരുന്ന നാട്ടുകാരനാണ് കുട്ടി ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എല്ലാവരും ഹജ്ജിനു പോയതു കൊണ്ട് അപകടം സംഭവിച്ച ഗേറ്റുണ്ടായിരുന്ന വീട്ടിൽ ആരും ഇല്ലായിരുന്നു. ചെറുമകൻ മരിച്ച വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ആസ്യ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
സിനാൻ്റെ മൃതദേഹം ഇന്ന് മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം ചിലവിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.