ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച വിവാദം തുടരുന്നതിനിടെ യു.ജി.സി നെറ്റ് പരീക്ഷ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി. പുതിയ തിയതി പിന്നീടറിയിക്കും. കഴിഞ്ഞ ദിവസം രണ്ടുഘട്ടങ്ങളിലായി നടന്ന പരീക്ഷയില്‍ ക്രമക്കേട് നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാവിഭാഗം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ച. 11 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ യു.ജി.സിക്ക് ഇന്ന് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കിയത്. എന്നാല്‍ എന്താണ് സംഭവിച്ചതെന്നോ, ഏത് സെന്ററിലാണെന്നോ ക്രമക്കേടുണ്ടായതെന്നോ വെളിപ്പെടുത്തിയിട്ടില്ല. പരീക്ഷയുടെ സമഗ്രതയും പവിത്രയും ഉറപ്പാക്കാനാണ് നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഒ.എം.ആര്‍ രീതിയില്‍ രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തിയത്.
അതേസമയം, ബിഹാറില്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കും.