KeralaNEWS

ഒരാഴ്ചക്കിടെ ആത്മഹത്യ ചെയ്തത് 3 പൊലീസ് ഓഫീസർമാർ. കഴിഞ്ഞ 7 വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 120 ലേറെ പൊലീസുകാർ, നിയമപാലകർക്കിടയിൽ ആത്മഹത്യ പെരുകാൻ കാരണമെന്ത്…?

     വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എസ്.ഐ, കോട്ടയം കഞ്ഞിക്കുഴി  പീടിയേക്കൽ ജോർജ് കുരുവിള  ഇന്നലെ വൈകിട്ട് 5 മണിയോടെ വീടിനുള്ളിൽ ജീവനൊടുക്കി.                 *           *       *      *

കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ തൃക്കുന്നപ്പുഴ മഹാദേവി കാടുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് രണ്ടു ദിവസം മുമ്പാണ്. സിപിഒ മധു (48) ആണ് മരിച്ചത്. 4 മാസമായി ഇദ്ദേഹം മെഡിക്കല്‍ ലീവിലായിരുന്നുവത്രേ.

Signature-ad

                     *         *       *
തൃശൂര്‍ പോലീസ് അക്കാദമിയില്‍ എസ്‌.ഐ ജിമ്മി ജോര്‍ജിനെ (35) അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ തൂങ്ങി മരിച്ച നിലയില്‍  കണ്ടെത്തി. അക്കാദമിയിലെ ട്രെയിനറായ ജിമ്മി ജോര്‍ജ് കേരള പൊലീസ് ഫുട്‌ബോള്‍ ടീമിലെ താരം കൂടിയാണ്
*         *       *

‘’അപ്പുവും അമുലുവും വിഷമിക്കരുത്… നന്നായി പഠിക്കുക… പൊലീസിൽ അല്ലാതെ ഏതെങ്കിലും ജോലി നേടിയെടുക്കുക. അമ്മയെ നോക്കണം…’’

2023 ഒക്ടോബർ 5ന് ആത്മഹത്യ ചെയ്ത പൊലീസ് ഓഫിസർ ജോബി ദാസിന്റെ ആത്മഹത്യാക്കുറിപ്പിലെ വാചകമാണിത്. മേലുദ്യോഗസ്ഥർ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണ് ജോബിയുടെ ആത്മഹത്യയിലെത്തിച്ച കാരണങ്ങൾ. കേരളത്തിലെ പൊലീസ് സേനയെ സംബന്ധിച്ച് ജോബിദാസിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല.

   തൃശൂരിലും എറണാകുളത്തും കോട്ടയത്തുമായി കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ജീവനൊടുക്കിയത് 3 പൊലീസ് ഓഫീസർമാർ. 2023 ഒക്ടോബറിൽ മാത്രം 6 പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. പ്രതിവർഷം ശരാശരി 36 പൊലീസുകാരെങ്കിലും കേരളത്തിൽ ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്ക്. ഈ  അവസ്ഥയിലേക്ക് വകുപ്പിനെ എത്തിച്ചത് എന്താണ്…?

പരാജയപ്പെട്ട ആത്മഹത്യാ ശ്രമങ്ങൾ ഒട്ടേറെ. പ്രായം 30കളുടെ തുടക്കത്തിലുള്ളവർ മുതൽ വിരമിക്കാൻ രണ്ടോ മൂന്നോ വർഷം മാത്രം ബാക്കിയുള്ളവർ വരെ അക്കൂട്ടത്തിലുണ്ട്. ജോലിഭാരം താങ്ങാനാവാതെ സ്വയം വിരമിക്കുന്നവരുടെ കണക്കും അതിനൊപ്പം ചേർത്തുവായിക്കണം. 4 വർഷത്തിനിടെ സ്വയം വിരമിക്കലിന് അപേക്ഷിച്ചത് 186 പൊലീസുകാരാണ്.

എന്താണ് നമ്മുടെ പൊലീസുകാർക്ക് സംഭവിക്കുന്നത്? കാക്കിക്കുള്ളിൽ കടുത്ത സമ്മർദം പേറുന്ന മനുഷ്യരായി അവരെ മാറ്റുന്നതാരാണ്? ആത്മഹത്യയിലേക്ക് ഇത്രയധികം പൊലീസുകാർ നടന്നു മറയുന്നത് എന്തുകൊണ്ടായിരിക്കും…?

വിഷാദരോഗത്താലാണത്രേ കൂടുതല്‍പേരും ആത്മഹത്യ ചെയ്തത്. കുടുംബപരമായ കാരണങ്ങളാൽ 30 പേർ ആത്മഹത്യ ചെയ്തു. ആരോഗ്യകാരണങ്ങളാൽ 5 പേരും, വിഷാദരോഗത്താൽ 20 പേരും, ജോലി സമ്മർദത്താൽ 9 പേരും, സാമ്പത്തിക കാരണങ്ങളാൽ 6 പേരും ആത്മഹത്യ ചെയ്തു എന്നാണ് കണക്ക്.

സ്വയം വിരമിക്കലിന് കൂടുതൽ അപേക്ഷ ലഭിച്ചത് കോഴിക്കോട് സിറ്റിയിൽനിന്നാണ്-  22 പേർ. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തുനിന്ന് 18 പേരും മൂന്നാം സ്ഥാനത്തുള്ള കോട്ടയത്തുനിന്ന് 15 പേരും അപേക്ഷ നൽകി. ആരോഗ്യപ്രശ്നങ്ങളാൽ 64 പേരാണ് സ്വയം വിരമിക്കലിന് അപേക്ഷിച്ചത്. കുടുംബപ്രശ്നങ്ങൾ കാരണം 27 പേരും മേലുദ്യോഗസ്ഥരുടെ മോശമായ ഇടപെടല്‍ കാരണം 3 പേരും വിദേശ ജോലിക്കായി 7 പേരും സ്വന്തമായ സംരംഭം തുടങ്ങാൻ 3 പേരും അപേക്ഷ നൽകി.

അമിതമായ ജോലി ഭാരവും മേലുദ്യോഗസ്ഥരിൽനിന്നുള്ള സമ്മർദവുമാണ് ആത്മഹത്യകളുടെ പ്രധാന കാരണം. പക്ഷേ ഉദ്യോഗസ്ഥരുടെ സമ്മർദം കുറയ്ക്കാനുള്ള നടപടികൾ ഒന്നുമില്ല. 16 മണിക്കൂർ വരെ ജോലി ചെയ്യേണ്ട സാഹചര്യം മിക്ക സ്റ്റേഷനിലുമുണ്ട്. ഡ്യൂട്ടി സമ്പ്രദായം പരിഷ്ക്കരിക്കണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നു എങ്കിലും ഇന്നോളം നടപ്പിലായിട്ടില്ല. ആത്മഹത്യയുടെ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം വേണമെന്ന് മനഃശാസ്ത്രമേഖലയിൽ പ്രവർത്തിക്കുന്നവരും പറയുന്നു.

പോലീസുകാരുടെ മാനസിക സമ്മര്‍ദം പരിഹരിക്കാന്‍ കൗണ്‍സിലിങ്ങ്, യോഗ, സംഗീതം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ കാലാകാലങ്ങളായി ആവിഷ്‌കരിക്കുന്നുണ്ട്. പക്ഷേ, ഒന്നും ലക്ഷ്യത്തിലെത്തുന്നില്ല. ഇതൊന്നും യഥാര്‍ഥ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നില്ലെന്നാണ് പൊലീസ് സേനയുടെ മൊത്തത്തിലുള്ള അഭിപ്രായം. യോഗപദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ പോലീസുകാര്‍ക്ക് അത് ദുരിതമായി മാറി. 8മണിക്ക് ഡ്യൂട്ടിക്ക് എത്തേണ്ടവര്‍ പോലും രാവിലെ 7മണിക്കു മുമ്പ്  യോഗയ്ക്കായി സ്റ്റേഷനിലെത്തേണ്ട സ്ഥിതി വന്നു.

യഥാര്‍ഥ പ്രശ്‌നം ജോലിഭാരമാണെന്ന് പോലീസുകാര്‍ ചൂണ്ടിക്കാട്ടുന്നു. ലോക്കല്‍ സ്റ്റേഷനുകളില്‍ ക്രമസമാധാനം, കേസന്വേഷണം എന്നിവയെല്ലാം വേറിട്ട് നടത്തണമെന്നാണ് കടലാസിലുള്ളത്. പക്ഷേ, അംഗബലത്തിലെ കുറവും ജോലിത്തിരക്കും കാരണം എല്ലാ ജോലിയും എല്ലാവരും ചെയ്യണം.

കേസന്വേഷണത്തിനും കേസെഴുതാനും നിയോഗിക്കപ്പെട്ടയാള്‍ ഇതിനിടയില്‍ തന്നെ ക്രമസമാധാനപാലനത്തിന് പോകണം, പാറാവുനില്‍ക്കണം, പട്രോളിങ് നടത്തണം, ധര്‍ണയ്ക്കും പിക്കറ്റിങ്ങിനും കാവല്‍ നില്‍ക്കണം. ഇതോടെ നിശ്ചിതസമയത്തിനുള്ളില്‍ കേസെഴുതിത്തീര്‍ക്കാന്‍ സമയം കിട്ടാത്ത സ്ഥിതിവരും.

 ഇതിനിടയില്‍ അവധിപോലുമില്ല. എട്ടുമണിക്കൂര്‍ ജോലിയെന്നത് പന്ത്രണ്ടും പതിനഞ്ചും മണിക്കൂര്‍വരെ നീളും. ഇത് തീര്‍ക്കുന്ന സമ്മര്‍ദമാണ് പ്രധാനപ്രശ്‌നം. കേസെഴുതാന്‍ കൃത്യമായ പരിചയമില്ലാത്തവരാണെങ്കില്‍ സമ്മര്‍ദം ഇരട്ടിയാകും. ഇവര്‍ക്കുവേണ്ട സഹായം നല്‍കാന്‍പോലും സംവിധാനമില്ല. കേസുകളുടെ എണ്ണം ഇപ്പോൾ കൂടിയിട്ടുണ്ട്.

കൂടാതെ, ജനമൈത്രി പോലീസ്, കുട്ടിപ്പോലീസ് പോലുള്ള പദ്ധതികള്‍. പക്ഷേ ഇതിനനുസരിച്ച് പോലീസിന്റെ അംഗബലം കൂടുന്നില്ല. ക്രമസമാധാനവും കേസന്വേഷണവും രണ്ടുവിഭാഗങ്ങളാക്കി, പ്രശ്‌നം പരിഹരിക്കണമെന്നത് പൊലീസ് സംഘടനകള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നു. എന്നാല്‍, ഇതും കടലാസി മാത്രം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: