ആലപ്പുഴ: രാമങ്കരി പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ യുഡിഎഫ് അധികാരത്തില്‍. പ്രസിഡന്റായി കോണ്‍ഗ്രസ് അംഗം ആര്‍.രാജു മോനെ തിരഞ്ഞെടുത്തു. ആകെയുള്ള 12 പഞ്ചായത്ത് അംഗങ്ങളില്‍ ഔദ്യോഗിക പക്ഷത്തെ നാല് സിപിഎം അംഗങ്ങളും നാല് യുഡിഎഫ് അംഗങ്ങളും കൈകോര്‍ത്തതോടെയാണ് രാജുമോന്‍ പഞ്ചായത്ത് പ്രസിഡണ്ടായത്. ഇതോടെ സിപിഎമ്മിന് കാല്‍നൂറ്റാണ്ടിന്റെ ഭരണമാണ് നഷ്ടമാകുന്നത്.
സിപിഎം വിമതരായ പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും സ്ഥാനത്ത് നിന്നും ഇറക്കാന്‍ കോണ്‍ഗ്രസ് സഹായിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന് സിപിഎം സഹായം ലഭിച്ചത്. ആദ്യ ഒന്‍പതു മാസം രാജുമോനും അടുത്ത ഒന്‍പതുമാസം കേരള കോണ്‍ഗ്രസിലെ ബെന്നി സേവ്യറും പദവി പങ്കിടും. ഷീനാ റെജപ്പനും സോളി ആന്റണിക്കുമാണ് ഒന്‍പതുമാസം വീതം വൈസ് പ്രസിഡന്റു സ്ഥാനം ലഭിക്കുക.
വിപ്പ് ലംഘിച്ചാണ് സിപിഎം അംഗങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത്. ഇതോടെ വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് രാമങ്കരി ലോക്കല്‍ സെക്രട്ടറി പറഞ്ഞു.
ബുധനാഴ്ച വൈകി സി.പി.എം. ജില്ലാ കമ്മിറ്റി പഞ്ചായത്തംഗങ്ങള്‍ക്ക് വിപ്പു നല്‍കിയിരുന്നു. പ്രസിഡന്റു സ്ഥാനത്തേക്ക് ബിന്‍സ് ജോസഫിനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മോള്‍ജി രാജേഷിനെയും പിന്തുണയ്ക്കണമെന്നാണ് എട്ടംഗങ്ങള്‍ക്കും വിപ്പു നല്‍കിയത്. ലോക്കല്‍ കമ്മിറ്റി നിര്‍ദേശിച്ച രണ്ടുപേരുകളില്‍നിന്ന് ജില്ലാ കമ്മിറ്റി തിരഞ്ഞെടുത്തവരാണിവര്‍.
ഇതോടെ വിമതരെ പുറത്താക്കാന്‍ നഷ്ടപ്പെടുത്തിയത് 25 വര്‍ഷം ഭരിച്ച പഞ്ചായത്ത്. കുട്ടനാട്ടിലെ വിമതപക്ഷ നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ആര്‍.രാജേന്ദ്ര കുമാര്‍ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതോടെ സിപിഐയില്‍ ചേര്‍ന്നിരുന്നു. പഞ്ചായത്ത് അംഗത്വവും രാജിവച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ കുട്ടനാട്ടില്‍ 200-ല്‍ അധികം പാര്‍ട്ടി അംഗങ്ങളാണ് സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നത്. കൂടുമാറ്റത്തിന് പിന്നില്‍ വിമത നേതാവ് ആര്‍.രാജേന്ദ്രകുമാര്‍ ആണെന്നതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.