ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നടത്തിയ വന്‍ മുന്നേറ്റത്തിന് പിന്നാലെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ പാര്‍ട്ടി നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു.
ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെത്താനാണ് കേന്ദ്ര നേതാക്കളുടെ നിര്‍ദേശം. സംഘടനാതലത്തില്‍ ശോഭയ്ക്ക് പദവി നല്‍കുന്നത് പരിഗണനയിലുണ്ടെന്നാണ് സൂചന.
ആലപ്പുഴയില്‍ 63,513 വോട്ടിന്റെ ഭൂരിപക്ഷത്തിന്‍ കെ.സി. വേണുഗോപാല്‍ വിജയിച്ചിരുന്നുവെങ്കിലും മിന്നുന്ന പ്രകടനമായിരുന്നു ശോഭാ സുരേന്ദ്രന്‍ മണ്ഡലത്തില്‍ കാഴ്ചവെച്ചത്. 2,99,648 വോട്ടായിരുന്നു ശോഭയ്ക്ക് ലഭിച്ചിരുന്നത്. 2019-ല്‍ ബിജെപി സ്ഥാനാര്‍ഥി നേടിയ 1,87,729 വോട്ടില്‍നിന്നാണ് 2,99,648 ലേക്കെത്തിക്കാന്‍ ശോഭയ്ക്ക് കഴിഞ്ഞത്.
മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് നില ഉയര്‍ത്തുന്ന പതിവ് ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയിലും ആവര്‍ത്തിക്കുകയായിരുന്നു. അമ്പതിനായിരത്തില്‍ താഴെ മാത്രം വോട്ടുകള്‍ നേടിയിരുന്ന പതിവില്‍ നിന്ന് ഡോ.കെ.എസ്.രാധാകൃഷ്ണനാണ് ബിജെപി വോട്ടുകളുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലേക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയത്. അതിലും വലിയ മുന്നേറ്റമാണ് ശോഭ നേടിയത്. എസ്എന്‍ഡിപി വോട്ടുകളും, സ്ത്രീ വോട്ടുകളും സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതായാണ് വിലയിരുത്തപ്പെടുന്നത്. യുഡിഎഫിന്റെ വിജയത്തോളം തന്നെ അഭിമാനകരമാണ് എന്‍ഡിഎയ്ക്ക് ആലപ്പുഴ മണ്ഡലത്തിലുണ്ടായ മുന്നേറ്റവും.
അതേസമയം, തൃശൂരിലൂടെ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറന്നതില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയെ അഭിനന്ദിച്ച് ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തി. രണ്ടുവട്ടം തോറ്റിട്ടും തൃശൂര്‍ കേന്ദ്രീകരിച്ചുപ്രവര്‍ത്തിച്ച സുരേഷ് ഗോപിയുടെ മാതൃക പാര്‍ട്ടി പിന്തുടരണമെന്ന് ശോഭ പറഞ്ഞു.
ഇനി ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. ആറ്റിങ്ങലില്‍തന്നെ നിന്നിരുന്നുവെങ്കില്‍ ജയിക്കുമായിരുന്നോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. പാര്‍ട്ടി സംവിധാനത്തിലൂടെ മാത്രമേ മൂന്നോട്ട് പോകാനാവൂ. ബിജെപിയെ ബദലായി സിപിഎം പ്രവര്‍ത്തകര്‍ കാണുന്നു എന്നതിന് തെളിവാണ് ആലപ്പുഴയിലെ ചെങ്കോട്ടകളില്‍ തനിക്ക് ലഭിച്ച വോട്ടുകളെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.