ഇടത് സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്നും മുസ്ലിം സമുദായം സർക്കാരിൽ നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ. വിവാദപരമായ ഈ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഹുസൈൻ മടവൂർ നവോത്ഥാന സമിതി വൈസ് ചെയർമാൻ സ്ഥാനം രാജിവെച്ചു.
രാജിക്കത്ത് ഉടന്‍ ചെയർമാന് കൈമാറുമെന്ന് ഹുസൈൻ മടവൂർ അറിയിച്ചു. വെള്ളാപ്പള്ളി നടേശന്‍ ആണ് നവോത്ഥാന സമിതി ചെയർമാൻ. വെള്ളാപ്പള്ളിയുടെ പ്രസ്താവന അപക്വവും വാസ്തവവിരുദ്ധവുമാണെന്ന് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം കൂടിയായ ഹുസൈൻ മടവൂർ പറഞ്ഞു.
“കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവർ വൈകുന്നേരം കാര്യം സാധിച്ച് മടങ്ങുന്നു. മുസ്ലീംങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷ ചിന്ത. മുസ്ലീംങ്ങൾക്ക് ചോദിക്കുന്നതെല്ലാം നൽകി.”
വെള്ളാപ്പള്ളി ആരോപിച്ചു.
ഈഴവർക്ക് ഒന്നും തരുന്നില്ല. ഈഴവർക്ക് നീതി കിട്ടുന്നില്ലെന്നും മുസ്ലിം സമുദായത്തെ പ്രത്യേക വിഭാഗങ്ങളെ പ്രത്യേകമായി താലോലിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
“വെള്ളാപ്പള്ളിയുടെ വാദം ശരിയെങ്കിൽ മുസ്ലിം സമുദായം വോട്ടുചെയ്ത് ഇടതുപക്ഷത്തെ വിജയിപ്പിക്കുമായിരുന്നു. അതുണ്ടായില്ല. മാത്രവുമല്ല, നിരവധി വിഷയങ്ങളിൽ തങ്ങളെ സർക്കാർ അവഗണിക്കുന്നു എന്നാണ് മുസ്ലിം സമുദായത്തിന്റെ പരാതി.”
ഹുസൈൻ മടവൂർ പറയുന്നു.
സംവരണം, വിദ്യാഭ്യാസ സൗകര്യങ്ങൾ, കോച്ചിങ് സെൻ്ററുകൾ, ആരാധനാലയ നിർമാണത്തിന്നുള്ള തടസ്സങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ മുസ്‌ലിം സമുദായത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ജെൻ്റർ ന്യൂട്രാലിറ്റിയുടെയും എൽജിബിറ്റി സംസ്കാരങ്ങൾ സ്കൂൾ കുട്ടികളിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെയും സമുദായം തള്ളിക്കളഞ്ഞതാണ്. മുസ്‌ലിംകളും ഈഴവരും മറ്റെല്ലാ മതേതര വിഭാഗങ്ങളും ഒന്നിച്ചുനിന്ന് പ്രവർത്തിക്കേണ്ട വർത്തമാനകാലത്ത് വെള്ളാപ്പള്ളിയുടെ പ്രസ്താവന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കേ ഉപകാരപ്പെടുകയുള്ളുവെന്നും ഹുസൈൻ മടവൂർ വിമർശിച്ചു.