KeralaNEWS

കേന്ദ്രമന്ത്രി സ്ഥാനത്തിനു പുറമേ രാജ്യസഭാംഗത്വംകൂടി? സുരേന്ദ്രനോ തുഷാറിനോ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രി പദവിക്കു പുറമെ ഒരു രാജ്യസഭാംഗത്വം കൂടി കേരളത്തിനു നല്‍കാന്‍ ബിജെപി ദേശീയ നേതൃത്വത്തില്‍ ആലോചന. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെയോ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെയോ രാജ്യസഭയിലെത്തിക്കാനാണ് നീക്കമെന്നാണ് സൂചന. രണ്ടു ടേമായി അധ്യക്ഷ പദവിയില്‍ തുടരുന്ന സുരേന്ദ്രന് ബിജെപി കേരളത്തില്‍ മികച്ച പ്രകടനം നടത്തിയ സാഹചര്യത്തില്‍ മാന്യമായ പദവി നല്‍കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.

അതേസമയം, രാജ്യസഭാ ഓഫര്‍ വന്നാല്‍ സ്വീകരിക്കുമെന്ന് തുഷാര്‍ വ്യക്തമാക്കി. സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി പദവിയും സുരേന്ദ്രനോ തുഷാറിനോ രാജ്യസഭ അംഗത്വവും നല്‍കുക വഴി രണ്ട് പ്രബല സമുദായങ്ങളെ ഒപ്പം നിര്‍ത്താമെന്നും നേതാക്കള്‍ കണക്കുക്കൂട്ടുന്നു. കെ.സി.വേണുഗോപാല്‍ ഒഴിയുന്ന രാജസ്ഥാനിലെ രാജ്യസഭാ സീറ്റിലടക്കം വൈകാതെ ഒഴിവ് വരും.

Signature-ad

എന്നാല്‍, തുഷാറിന് പദവി ലഭിച്ചാല്‍ പി.സി.ജോര്‍ജ് ഇടയുമെന്ന ആശങ്ക ശക്തമാണ്. തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച വി.മുരളീധരന്റെ പ്രവര്‍ത്തന മേഖല ദേശീയ തലത്തിലേക്കു മാറുമെന്നും ശോഭാ സുരേന്ദ്രനും സംഘടനയില്‍ പ്രധാന പദവി ലഭിക്കുമെന്നും സൂചനയുണ്ട്. മുരളീധരന്‍ (ആറ്റിങ്ങല്‍), ശോഭാ സുരേന്ദ്രന്‍ (ആലപ്പുഴ), രാജീവ് ചന്ദ്രശേഖര്‍ (തിരുവനന്തപുരം), അനില്‍ ആന്റണി (പത്തനംതിട്ട) എന്നിവരോട് അവര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ദേശീയ നേതൃത്വം അനൗദ്യോഗിക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Back to top button
error: