KeralaNEWS

ഇടതുപക്ഷം 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെട്ടുകെട്ടുമോ…? ബി.ജെ.പി 11 ഉം യു.ഡി.എഫ് 110 ഉം സീറ്റുകളിൽ ഒന്നാമതെത്തി; എല്‍.ഡി.എഫിന് മേല്‍ക്കൈ കേവലം 19 മണ്ഡലങ്ങളില്‍ മാത്രം

      ലോക്‌സഭാ തിരഞ്ഞെടുപ്പില്‍  ആഞ്ഞുവീശിയ യു.ഡി.എഫ് തരംഗത്തില്‍ ഇടതുകോട്ടകള്‍ നിലംപൊത്തിയപ്പോള്‍ മന്ത്രിമാരുടെ അടക്കം ഒട്ടേറെ നിയമസഭാ മണ്ഡലങ്ങൾ എല്‍.ഡി.എഫിനെ കൈവിട്ടു. 110 നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ് ഭൂരിപക്ഷം നേടി. കേവലം 19 മണ്ഡലങ്ങളില്‍ മാത്രമേ എല്‍.ഡി.എഫിന് പച്ച തോടാനായുള്ളൂ. അതേ സമയം കേരളത്തില്‍ ആദ്യമായി ലോക്‌സഭാ സീറ്റ് പിടിച്ചെടുത്ത ബി.ജെ.പി 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതെത്തി. ഈ വിജയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ എന്ന ചർച്ചയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.

കഴിഞ്ഞ (2021) നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റ് എല്‍.ഡി.എഫും യു.ഡി.എഫ് 41 സീറ്റുമാണ് നേടിയത്.ഒരു സീറ്റിലും എന്‍.ഡി.എ ജയിച്ചില്ല. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷമായിരുന്നു 2021ല്‍ എല്‍.ഡി.എഫ് വൻ തിരിച്ചുവരവ് നടത്തിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകണക്ക് പരിശോധിക്കുമ്പോള്‍ 123 സീറ്റുകളില്‍ യു.ഡി.എഫ് ലീഡ് നേടിയിരുന്നു. 16 സീറ്റുകളില്‍ അന്ന് എല്‍.ഡി.എഫ് ലീഡ് നേടിയപ്പോള്‍ തിരുവനന്തപുരം മണ്ഡലത്തിലെ നേമത്ത് എന്‍.ഡി.എ ഭൂരിപക്ഷം നേടി. മന്ത്രിമാരുടെ മണ്ഡലത്തിലടക്കം ഇത്തവണയും യു.ഡി.എഫ് ഭൂരിപക്ഷം നേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ അരലക്ഷം വോട്ടിന് വിജയിച്ച ധര്‍മടത്ത് ഇത്തവണ ഇടതിന് 2616 വോട്ടിന്റെ ലീഡ് മാത്രമാണ് നേടാനായത്.

Signature-ad

ബിജെപി 11 നിയമസഭാ സീറ്റുകളില്‍  ഒന്നാം സ്ഥാനത്തെത്തിയതിന് പുറമെ തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍ഗോഡ്‌ എന്നീ 8 മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തും എത്തി. ബിജെപി ഒന്നാമതെത്തിയ 11 മണ്ഡലങ്ങളും എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളാണ്. ഇതില്‍ മന്ത്രിമാരായ കെ.രാജന്റെ ഒല്ലൂരും ശിവന്‍കുട്ടിയുടെ നേമവും ആര്‍.ബിന്ദുവിന്റെ ഇരിഞ്ഞാലക്കുടയും ഉള്‍പ്പെടുന്നു.

കേരളത്തിൽ പൊതുവെ നിയമസഭ തിരഞ്ഞെടുപ്പിൽ, വോട്ടർമാർ ഇടതുപക്ഷത്തെ അധികാരത്തിലേറ്റുമ്പോൾ  നേരെമറിച്ച്, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മുന്നണിക്ക് അനുകൂലമായാണ് വോട്ട് ചെയ്യുന്നത്. 1957-ൽ സംസ്ഥാനം രൂപീകരിച്ചതിനുശേഷം 2024 വരെയായി 17 പൊതുതിരഞ്ഞെടുപ്പുകൾ നടന്നു. ഇതിൽ യുഡിഎഫ് ഇടതുപക്ഷ സഖ്യത്തേക്കാൾ 13 മടങ്ങ് സീറ്റുകൾ നേടിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടുന്നുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ കോൺഗ്രസിന് നേട്ടം ആവർത്തിക്കാനാവാത്ത സ്ഥിതിയാണുള്ളത്.  യുഡിഎഫ് 2016 മുതൽ അധികാരത്തിന് പുറത്താണ്.

ഇത്തവണ രണ്ടാം പിണറായി സർക്കാരിൻ്റെയും മന്ത്രിമാരുടെയും പ്രകടനവും വിലയിരുത്തിയാണ് മലയാളികൾ വോട്ട് ചെയ്‌തതെന്നും സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം കോൺഗ്രസിന് അനുകൂലമായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരിക്കുന്നത്. ഈ യുഡിഎഫ് അനുകൂല തരംഗം 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമോ അതോ എൽഡിഎഫ് തിരിച്ചുവരുമോ എന്ന് കണ്ടറിയേണ്ട കാര്യമാണ്.

Back to top button
error: