KeralaNEWS

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍ (ബാബു രാജേന്ദ്രപ്രസാദ്, 92) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. എഴു പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവര്‍ത്തന ജീവിതത്തില്‍ ദ് ഹിന്ദു, സ്റ്റേറ്റ്‌സ്മാന്‍, പേട്രിയറ്റ്, യുഎന്‍ഐ, ഡെക്കാണ്‍ ഹെറാള്‍ഡ് തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ബംഗ്ലദേശ് തിരഞ്ഞെടുപ്പില്‍ വിജയിച്ച മുജീബുല്‍ റഹ്‌മാനുമായുള്ള അഭിമുഖം, ഭാരതീയനായ ഡോ.ഹര്‍ഗോവിന്ദ് ഖുറാനയ്ക്കു നൊബേല്‍ ലഭിച്ച വാര്‍ത്ത, അടിയന്തരാവസ്ഥക്കാലത്തു ശ്രീനഗറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ശ്രദ്ധേയമാണ്.

മലയാളത്തിലടക്കം നിരവധി മാധ്യമങ്ങളില്‍ കോളമിസ്റ്റായിരുന്നു. അവസാന കാലം വരെ സാമൂഹിക വിഷയങ്ങളില്‍ ജാഗ്രതയോടെ ഇടപെട്ടു. പത്രപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സര്‍ക്കാരിന്റെ സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ രമ. മകള്‍: ബിന്ദു ഭാസ്‌കര്‍ ബാലാജി മാധ്യമപ്രവര്‍ത്തകയായിരുന്നു. 2019 ല്‍ അന്തരിച്ചു. മരുമകന്‍: ഡോ.കെ.എസ് ബാലാജി.

Signature-ad

തിരുവനന്തപുരം ജില്ലയിലെ കായിക്കരയില്‍ 1932 മാര്‍ച്ച് 12 നാണ് എ.കെ.ഭാസ്‌കറിന്റെയും മീനാക്ഷിയുടെയും മകനായി ബാബു രാജേന്ദ്രപ്രസാദ് എന്ന ബിആര്‍പി ഭാസ്‌കര്‍ ജനിച്ചത്. ഈഴവസമുദായ നേതാവും സാമൂഹിക പരിവര്‍ത്തനവാദിയുമായിരുന്ന എ.കെ.ഭാസ്‌കര്‍ നവഭാരതം എന്ന പത്രത്തിന്റെ ഉടമ കൂടിയായിരുന്നു. 1951 ല്‍ കൊല്ലം എസ്എന്‍ കോളജില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ ബിഎസ്സി പാസായ ബിആര്‍പി ഭാസ്‌കറിന് പത്രപ്രവര്‍ത്തനത്തില്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും മകനെ പത്രപ്രവര്‍ത്തകനാക്കാന്‍ അച്ഛന്‍ ആഗ്രഹിച്ചിരുന്നില്ല. മകനെ ഐസിഎസുകാരനാക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എങ്കിലും അച്ഛനറിയാതെ നവഭാരതില്‍ മറ്റൊരു പേരില്‍ ലേഖനമെഴുതി. അത് അച്ഛനറിഞ്ഞപ്പോള്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് മകന്റെ ഇഷ്ടത്തിനു വഴങ്ങി.

ബിഎസ്സി പഠനത്തിനു ശേഷം ഇംഗ്ലിഷ് പത്രപ്രവര്‍ത്തനം ലക്ഷ്യമിട്ട് 1952 ല്‍ ദ് ഹിന്ദുവില്‍ ട്രെയിനിയായി ചേര്‍ന്നു. 1958 ല്‍ കേന്ദ്രസര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പോടെ ഫിലിപ്പീന്‍സില്‍ പോയി. 1959 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ദ് ഫിലിപ്പീന്‍സില്‍ നിന്ന് എംഎ നേടി.

തിരിച്ചെത്തി പേട്രിയറ്റില്‍ ചേര്‍ന്നു. പിന്നീട് അവിടെനിന്ന് രാജിവച്ച് യുഎന്‍ഐയിലെത്തി. 18 വര്‍ഷം അവിടെ പ്രവര്‍ത്തിച്ച ശേഷം ഡെക്കാന്‍ ഹെറാള്‍ഡില്‍ അസോഷ്യേറ്റ് എഡിറ്ററായി. 1991 ല്‍ വിരമിച്ചു. പിന്നീട് ഒരു വര്‍ഷത്തോളം ആന്ധ്ര പ്രദേശ് ടൈംസിന്റെ ഡയറക്ടറായിരുന്നു. പിന്നീട് ഏഷ്യാനെറ്റില്‍ കുറെക്കാലം എഡിറ്റോറിയല്‍ കണ്‍സല്‍റ്റന്റായിരുന്നു. വിരമിച്ച ശേഷവും കോളങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മറ്റും അദ്ദേഹം സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി.

മനുഷ്യാവകാശവും സാമൂഹിക നീതിയും ലംഘിക്കപ്പെട്ടപ്പോഴൊക്കെ ബിആര്‍പി ഭാസ്‌കര്‍ അതിനെതിരെ ശക്തമായി സംസാരിച്ചിരുന്നു. പത്രപ്രവര്‍ത്തകരുടെ അവകാശ പോരാട്ടങ്ങളില്‍ എന്നും മുന്‍നിരയില്‍ നിന്നു അദ്ദേഹം. ചരിത്രം നഷ്ടപ്പെട്ടവര്‍, ന്യൂസ് റൂം- ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പുകള്‍, ദ് ചേയ്ഞ്ചിങ് മീഡിയസ്‌കേപ് എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Back to top button
error: