വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. 3 ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേയ്ക്ക് എത്തും. എസ്എസ്എൽസി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പഠനത്തിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതും അടക്കം ഈ അധ്യയനവർഷം ഒട്ടേറെ മാറ്റങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ എളമക്കര ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ
പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി നേരിട്ടെത്തി കുട്ടികളെ ആശംസകള്‍ അറിയിക്കും.
കാലവർഷമെത്തിയെങ്കിലും അതൊരുപ്രശ്നമല്ലെന്നും മഴനനയാതെ എന്ത് പ്രവേശനോത്സവമെന്നുമാണ് സ്കൂളുകളിലെ അധ്യാപകര്‍ പറയുന്നത്. വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്കൂൾ തുറക്കൽ. 10 വർഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്ക്കരിച്ചു. 1, 3, 5, 7, 9 ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാറ്റമില്ലാത്ത പുസ്തകങ്ങൾ ഇതിനകം കുട്ടികളിൽ എത്തിക്കഴിഞ്ഞു. വലിയ ഇടവേളക്ക് ശേഷം ഒന്നാം ക്ലാസിൽ അക്ഷരമാലയും തിരികെയെത്തി.
എസ്എസ്എൽസി മൂല്യനിർണ്ണയത്തിലെ മാറ്റമാണ് ഈവർഷത്തെ പ്രധാന ഹൈലൈറ്റ്. 2005ൽ അവസാനിപ്പിച്ച വിഷയങ്ങൾക്കുള്ള മിനിമം മാർക്ക് തിരികെ കൊണ്ടുവരികയാണ്. നിരന്തര മൂല്യനിർണ്ണയത്തിലും ഇനി വാരിക്കോരി മാർക്കുണ്ടാകില്ല. നൂറിനടത്ത് എത്തുന്ന വിജയശതമാനം ഇനി മുതൽ പ്രതീക്ഷിക്കേണ്ട.