LocalNEWS

നാട്ടുകാരുടെ കൂട്ടായ്മ: കോട്ടയം ജില്ലയിലെ കുട്ടിക്കല്‍- കൊക്കയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം യാഥാർത്ഥ്യമായി, ഇന്ന് തുറന്ന് കൊടുക്കും

    പ്രളയത്തിൽ തകർന്ന ഏന്തയാർ പാലത്തിന് പകരം താത്കാലിക നടപ്പാലം യുദ്ധകാലാടിസ്ഥാനത്തിൽ നിർമിച്ച് പഞ്ചായത്തും നാട്ടുകാരും.

2018-ലെ പ്രളയകാലത്താണ് കോട്ടയം ജില്ലയിലെ  ഏന്തയാർ പാലം പൂർണമായും ഒഴുകിപ്പോയത്. ഉരുള്‍പൊട്ടലില്‍ പാലം തകർന്നതോടെ വഴിയടഞ്ഞ പ്രദേശവാസികള്‍ക്ക് ആശ്വാസമാണ് ഈ താത്കാലിക ജനകീയ പാലം.

Signature-ad

നീണ്ട കാത്തിരിപ്പിനൊടുവില്‍ പുതിയ പാലത്തിൻ്റെ നിർമാണം ആരംഭിച്ചെങ്കിലും പുല്ലകയാറ്റില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്നു നിർമാണം തടസപ്പെട്ടു. പാലം പണിയുടെ ഭാഗമായി നാട്ടുകാർ നിർമിച്ച നടപ്പാലം പൊളിച്ചു കളയുകയും ചെയ്തിരുന്നു. ഇതോടെ നാട്ടുകാർക്ക് കിലോമീറ്ററുകള്‍ ചുറ്റി ഇളങ്കാട് വഴിയായിരുന്നു ഏന്തയാർ ഈസ്‌റ്റ്, കനകപുരം എന്നിവിടങ്ങില്‍  എത്താൻ കഴിഞ്ഞിരുന്നത്.

തുടർന്ന് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ശക്തമായ സമരം ആരംഭിച്ചു. ഇതോടെ കുട്ടിക്കല്‍ -കൊക്കയാർ പഞ്ചായത്തുകള്‍ ചേർന്നു താല്‍ക്കാലിക പാലം നിർമിക്കാമെന്ന് ഉറപ്പു നല്‍കി.

സ്കൂൾ തുറക്കുന്ന സാഹചര്യവും കനത്ത മഴക്കാലവും കണക്കിലെടുത്ത് പഞ്ചായത്തും നാട്ടുകാരും മറ്റ് സന്നദ്ധ പ്രവർത്തകരും സംയുക്തമായാണ് പുതിയ താത്‌കാലിക നടപ്പാലം നിർമിച്ചത്.  സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ പാലം ഉദ്ഘാടനം ചെയ്യുന്നത് വിദ്യാർഥികള്‍ക്കും ആശ്വാസമാണ്. അതേസമയം പാലം തകർന്നതിനെ തുടർന്ന് യാത്രാ ക്ലേശത്തിലായിരുന്ന മുക്കുളം, കനകപുരം, വടക്കേമല നിവാസികള്‍ക്ക് ആശ്വാസമായി സ്വകാര്യ ബസ് താത്ക്കാലിക സർവീസും ആരംഭിച്ചിട്ടുണ്ട്.

ഇളംകാട് വഴി മറുകരയില്‍ കയറി കനകപുരം വരെയാണ് സർവീസ്. എം.എല്‍.എമാരായ സെബസ്റ്റ്യൻ കുളത്തുങ്കല്‍,വാഴൂർ സോമൻ, കൊക്കയാർ, കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ ഇടപെടലും നാട്ടുകാരുടെ പരിശ്രമത്തിന്റെയും ഫലമായാണ് ഇതുവഴി പ്രത്യേക പെർമിറ്റ് അനുവദിച്ച്‌ ബസ് സർവീസിന് അനുമതി കിട്ടിയത്.

Back to top button
error: