പ്രഥമ കാനം ഇ.ജെ സാഹിത്യ പുരസ്‌കാരം ജനപ്രിയ സാഹിത്യകാരൻ ജോയ്‌സിക്ക്. സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. കാനം ഇ.ജെയ്ക്കു ശേഷം മലയാളികളുടെ വായനയെ ജനകീയമാക്കിയ സാഹിത്യകാരനാണ് ജോയ്‌സി.
കുങ്കുമം അവാർഡ് നേടിയ ‘താഴ്‌വരകളിൽ വിലാപം’ എന്ന നോവൽ എഴുതിക്കൊണ്ട് സാഹിത്യ രംഗത്തു വന്ന ജോയ്സി ഇപ്പോഴും തുടർകഥകൾ എഴുതിക്കൊണ്ടിരിക്കുന്നു. ഒന്നിലധികം തൂലികാനാമത്തിലും ജോയ്സി എഴുതുന്നുണ്ട്.
കാനം ഇ.ജെ ഫൗണ്ടേഷനും നോവൽറ്റി ലൈബ്രറിയും പുറപ്പാട് വിദ്യാഭ്യാസ പദ്ധതിയും ചേർന്നാണ് രണ്ടു വർഷത്തിലൊരിക്കൽ പുരസ്കാരം സംഘടിപ്പിക്കുന്നത്. 25000 രൂപയും ഫലകവും പുരസ്കാര ജേതാവിന് കൈമാറും.
കാനം ഇ.ജെ എന്ന തൂലികാനാമത്തിൽ മലയാള സാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇലവുങ്കൽ ജോൺ ഫിലിപ്പ് മൺമറഞ്ഞിട്ട്ജൂൺ 13ന് 37 വർഷമാകും. വാരികകളിൽ നീണ്ടകഥകൾ ജനപ്രിയമാക്കിയത് കാനം ഇ.ജെയാണ്. നൂറിലധികം നോവലുകളും തിരക്കഥകളും നാടകങ്ങളും അദ്ദേഹം രചിച്ചു. കാനം ഇ.ജെയുടെ 21 നോവലുകൾ സിനിമയായി. മനോരാജ്യം വാരികയുടെ സ്ഥാപകനായ അദ്ദേഹത്തിന്‍റെ ജന്മനാടിന് സമീപമുള്ള നോവൽറ്റി ലൈബ്രറിയിൽ കാനത്തിന്‍റെ പുസ്‌തകങ്ങൾ എല്ലാം സമാഹരിച്ച് സൂക്ഷിക്കുകയും അദ്ദേഹത്തിന്‍റെ ലഘുജീവചരിത്രം ആലേഖനം ചെയ്ത് പ്രദർശിപ്പിക്കുകയും ചെയ്യുമെന്ന് സംഘാടകർ പറഞ്ഞു.
കാനം എഴുതിയ ഗാനങ്ങളിൽ പലതും ഇന്നും റിയാലിറ്റിഷോകളിൽ പാടുന്നു. ‘തിരയും തീരവും ചുംബിച്ചുറങ്ങി’ തുടങ്ങിയ ചലച്ചിത്രഗാനങ്ങൾ ഉദാഹരണം.
അക്ഷരജ്ഞാനം കുറവായിരുന്ന സാധാരണക്കാരായ മലയാളികളെ വായനയുടെ ലോകത്തേക്ക് കൊണ്ടുവന്നത് കാനം ഇ.ജെയും മുട്ടത്തുവർക്കിയുമാണ്. ഇവരുടെ നീണ്ട കഥകൾക്കായി കാത്തിരുന്ന കാലമുണ്ടായിരുന്നു. പിന്നീട് ആ സ്ഥാനത്തേയ്ക്കു കടന്നു വന്ന ജോയ്സി ഇന്നും അജയ്യനായി തുടരുന്നു.