KeralaNEWS

ഒരാള്‍ക്ക് 14 ലക്ഷം മുതല്‍ ഒന്നേകാല്‍ കോടി വരെ; ഇന്ന് വിരമിക്കുന്നവര്‍ക്ക് കൊടുക്കേണ്ട പെന്‍ഷന്‍ ആനുകൂല്യം

തിരുവനന്തപുരം: പൊലീസിലെ 800 പേരടക്കം സംസ്ഥാന സര്‍വീസിലെ 16,638 ജീവനക്കാര്‍ ഇന്നു പടിയിറങ്ങും. ഇതില്‍ പകുതിയോളം അദ്ധ്യാപകരാണ്. ആകെ 22,000 പേരാണ് ഈ വര്‍ഷം വിരമിക്കുന്നത്. ഒരു മാസം ഇത്രയും പേര്‍ ഒരുമിച്ച് വിരമിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്.

വിദ്യാഭ്യാസ വകുപ്പില്‍ 23 ഡി.ഇ.ഒമാരും 8 ഡി.ഡി.ഇമാരും രണ്ട് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരും വിരമിക്കും. എട്ട് ചീഫ് എന്‍ജിനിയര്‍മാര്‍, 17 ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍മാര്‍, 33 എക്സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍ എന്നിവരടക്കം കെ.എസ്.ഇ.ബിയില്‍ 1099 പേര്‍ വിരമിക്കും. പൊലീസില്‍ നിന്ന് പടിയിറങ്ങുന്നവരില്‍ 15 എസ്.പിമാരും 27 ഡിവൈ.എസ്.പിമാരും ഉള്‍പ്പെടുന്നു. ഗുണ്ടാബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.ജി.സാബുവും വിരമിക്കുന്ന ഡിവൈ.എസ്.പിമാരിലുള്‍പ്പെടുന്നു. ഇന്‍സ്പെക്ടര്‍മാര്‍ മുതല്‍ ഡിവൈ.എസ്.പിമാര്‍ വരെ 87 ഉദ്യോഗസ്ഥര്‍ വിരമിക്കും. പി.എസ്.സിയില്‍ അഡിഷണല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 48 പേര്‍ വിരമിക്കും.

Signature-ad

പി.എസ്.സി ആസ്ഥാനത്ത് 22 പേരും ജിാ ഓഫീസുകളില്‍ നിന്നായി 26 പേരുമാണ് വിരമിക്കുക. കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും അടക്കം 674 പേര്‍ വിരമിക്കുന്നു. സെക്രട്ടേറിയറ്റ് – 200, തദ്ദേശസ്വയംഭരണം – 300, റവന്യു – 461, ഭക്ഷ്യ പൊതുവിതരണം – 66 എന്നിങ്ങനെയാണ് മറ്റു വകുപ്പുകളില്‍നിന്നുള്ള പടിയിറക്കം.

വിരമിക്കല്‍ ആനുകൂല്യം നല്‍കാന്‍ 9151 കോടി രൂപയാണ് വേണ്ടത്. 14 ലക്ഷം മുതല്‍ ഒന്നേകാല്‍ കോടി രൂപ വരെയാണ് ഒരാള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യമായി നല്‍കേണ്ടത്. ആനുകൂല്യം നല്‍കാനും ഈ മാസത്തെ ശമ്പളത്തിനുമായി 3500 കോടി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കടമെടുത്തു.

 

Back to top button
error: