IndiaNEWS

പോളിങ് ബൂത്ത് കൈയേറി ഇ.വി.എം തകര്‍ത്തു; ഒഡിഷയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അറസ്റ്റില്‍

ഭുവനേശ്വര്‍: ഒഡിഷയില്‍ പോളിങ് ബൂത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ അതിക്രമം. ഖോര്‍ധ ജില്ലയിലെ ബെഗുനിയ നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ പ്രശാന്ത കുമാര്‍ ജഗദേവ് ആണ് പ്രവര്‍ത്തകര്‍ക്കൊപ്പം ബൂത്ത് കൈയേറി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും പരാക്രമം അഴിച്ചുവിടുകയും ചെയ്തത്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള പോളിങ് സാമഗ്രികള്‍ തകര്‍ക്കുകയും ചെയ്ത ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

നിലവില്‍ ചില്‍ക എം.എല്‍.എയാണ് പ്രശാന്ത. ഇന്നലെ ഉച്ചയോടെയാണ് വോട്ടിങ് പുരോഗമിക്കുന്നതിനിടെ ബെഗുനിയയിലെ കുവാന്റിപട്നയിലെ പോളിങ് ബൂത്തില്‍ ഇദ്ദേഹം അനുയായികള്‍ക്കൊപ്പം എത്തിയത്. ബൂത്തിനകത്ത് കയറാനുള്ള ശ്രമം പോളിങ് ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചതോടെ വാക്കുതര്‍ക്കമായി. തുടര്‍ന്ന് ബൂത്തിലേക്ക് അതിക്രമിച്ചുകയറി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ഇ.വി.എം ഉള്‍പ്പെടെയുള്ള സാധന സാമഗ്രികള്‍ കേടുവരുത്തുകയും ചെയ്തത്.

Signature-ad

ഇതോടെ ബൂത്തില്‍ മണിക്കൂറുകളോളം വോട്ടിങ് തടസപ്പെട്ടു. ബൂത്ത് കൈയേറ്റ വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും എം.എല്‍.എയും സംഘവും സ്ഥലം കാലിയാക്കിയിരുന്നു. തുടര്‍ന്ന് വാഹനം പിന്തുടര്‍ന്ന് തടഞ്ഞാണ് പൊലീസ് പ്രശാന്ത ജഗദേവനെ അറസ്റ്റ് ചെയ്തത്. രക്ഷപ്പെടുമ്പോള്‍ ബി.ജെ.പിയുടെ ഭുവനേശ്വര്‍ ലോക്സഭാ സ്ഥാനാര്‍ഥി അപരാജിത സാരംഗിയും എം.എല്‍.എയുടെ വാഹനത്തിലുണ്ടായിരുന്നു. പ്രശാന്ത നിലവില്‍ ബെഗുനിയ സ്റ്റേഷനില്‍ പൊലീസ് കസ്റ്റഡിയിലാണുള്ളത്.

പോളിങ് ബൂത്തില്‍ അതിക്രമം നടത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച പ്രശാന്ത പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. യാദൃച്ഛികമായി നിലത്ത് വീണാണ് ഇ.വി.എം കേടായതെന്നും അദ്ദേഹം വാദിച്ചു. തന്നെ വെറുതെ കേസില്‍ കുടുക്കാനുള്ള ശ്രമമാണെന്നും ബൂത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി ഒഡിഷ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നികുഞ്ജ ബിഹാരി അറിയിച്ചു. പരാതി സത്യമാണെന്നു തെളിഞ്ഞാല്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. സംഭവത്തില്‍ ഇ.വി.എം കണ്‍ട്രോള്‍ യൂനിറ്റ് കേടായിട്ടുണ്ട്. ഇതു പരിഹരിച്ച ശേഷം വോട്ടിങ് തുടര്‍ന്നെന്നും കമ്മിഷണര്‍ പറഞ്ഞു. പ്രശാന്തയ്ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.ഡി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കത്തയച്ചിട്ടുണ്ട്.

മുന്‍പും മോശം പെരുമാറ്റത്തിനു പേരുകേട്ടയാളാണ് പ്രശാന്ത ജഗദേവ്. 2014ല്‍ ബിജു ജനതാദള്‍(ബി.ജെ.ഡി) ടിക്കറ്റിലാണ് അദ്ദേഹം ചില്‍കയില്‍നിന്ന് ആദ്യമായി നിയമസഭയിലെത്തുന്നത്. ബൗധ് ജില്ലയില്‍ നടന്ന ഒരു പരിപാടിക്കിടെ ബി.ജെ.ഡി നേതാക്കള്‍ക്കുനേരെ കരിങ്കൊടി കാണിച്ച ബി.ജെ.പി പ്രവര്‍ത്തകരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ആ സമയത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. 2016ല്‍ വനിതാ തഹസില്‍ദാറെ മര്‍ദിച്ചു വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥയ്ക്കെതിരെ എം.എല്‍.എയുടെ അതിക്രമം.

 

Back to top button
error: