ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ശനിയാഴ്ചയുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ ഉയരുന്നു. ഒന്‍പതു കുട്ടികളടക്കം 32 പേര്‍ മരിച്ചു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎന്‍എ ടെസ്റ്റ് നടത്തും. ഇതിനായി സാംപിളുകള്‍ സ്വീകരിച്ചതായി എസിപി വിനാക് പട്ടേല്‍ പറഞ്ഞു. ദുരന്തം നടന്ന സ്ഥലവും പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സന്ദര്‍ശിച്ചു.
72 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണം നടത്തുന്ന സെപ്ഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് (എസ്‌ഐടി) നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘത്തിലുള്ള അഞ്ചുപേരുമായും ആഭ്യന്തരമന്ത്രി ഹര്‍ഷ് സംഗ്‌വി കൂടിക്കാഴ്ച നടത്തി. ദുരന്തം നടന്ന ടിആര്‍പി ഗെയിം സോണിന്റെ ഉടമയെയും മാനേജരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പരുക്കേറ്റവരെ ചികിത്സിക്കുന്നതിനായി രാജ്‌കോട്ടിലെ എയിംസില്‍ 30 ഐസിയു ബെഡുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.