ബംഗളൂരു: പെണ്‍സുഹൃത്തിനോട് അപമര്യാദയായി പെരുമാറിയ ഓട്ടോഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കൊനാനകുണ്ഡെ പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനായ ഓട്ടോഡ്രൈവര്‍ സുന്ദര്‍ രാജുവിനാണ് കുത്തേറ്റത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശിയായ മുഹമ്മദ് അന്‍സാരിയെ പോലീസ് അറസ്റ്റുചെയ്തു. സുന്ദര്‍രാജുവിനെതിരേ ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
ഈമാസം നാലിനാണ് സംഭവമുണ്ടായത്. ചിക്കമഗളൂരു സ്വദേശിയായ പെണ്‍സുഹൃത്തിനൊപ്പമാണ് അന്‍സാരിയെത്തിയത്. ബെംഗളൂരുവില്‍ വാടകയ്ക്ക് വീട് സംഘടിപ്പിക്കാനാണ് ഇരുവരുമെത്തിയത്. എന്നാല്‍ വാടകവീട് ലഭിക്കാതായയോടെ ഇരുവരും സ്വദേശത്തേക്ക് ബസുകയറാന്‍ മജെസ്റ്റിക് ബസ് സ്റ്റാന്‍ഡിലെത്തി. സ്ഥലത്തുണ്ടായിരുന്ന സുന്ദര്‍രാജ് ഇവരെ സമീപിച്ച് ഇനി നാട്ടിലേക്ക് ബസില്ലെന്നും വൈകിയതുകൊണ്ട് മറ്റെവിടേയും മുറി കിട്ടില്ലെന്നും പറഞ്ഞു. പിന്നീട് തന്റെ വീട്ടിലേക്ക് താമസിക്കാന്‍ ക്ഷണിക്കുകയായിരുന്നു. ഇയാളുടെ വീട്ടിലെത്തിയതോടെയാണ് യുവതിക്കുനേരേ സുന്ദര്‍രാജ് അപമര്യാദയായി പെരുമാറിയത്. ഇയാളെ കുത്തിപ്പരിക്കേല്‍പ്പിച്ച് അന്‍സാരി യുവതിയുമായി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് ആശുപത്രിയില്‍ പ്രവേശിച്ച സുന്ദര്‍രാജ് തന്നെ ഓട്ടോ യാത്രക്കാരായ രണ്ടുപേര്‍ കുത്തിവീഴ്ത്തി കടന്നുകളഞ്ഞെന്നാണ് പറഞ്ഞത്. ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്. ഇയാള്‍ നല്‍കിയ വിവരമനുസരിച്ച് കഴിഞ്ഞദിവസം അന്‍സാരിയെ പിടികൂടിയതോടെയാണ് യുവതിയോട് മോശമായി പെരുമാറിയതാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസ് സുന്ദര്‍രാജിനെതിരേയും കേസെടുക്കുകയായിരുന്നു. കൊനാനകുണ്ഡെ പോലീസാണ് കേസന്വേഷിക്കുന്നത്.