KeralaNEWS

അവിഹിതബന്ധം കണ്ടു പിടിച്ചതിൻ്റെ പക, ഭർത്താവിൻ്റെ അച്ഛനമ്മമാരെ കൊലപ്പെടുത്തിയ മരുമകൾക്കും രഹസ്യ കാമുകനും ജീവപര്യന്തം

    പാലക്കാട് തോലന്നൂരില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി എറണാകുളം പറവൂര്‍ സ്വദേശി സദാനന്ദന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. രണ്ടാം പ്രതിയും കൊല്ലപ്പെട്ട ദമ്പതികളുടെ മകന്റെ ഭാര്യയുമായ ഷീജയ്ക്ക് ജീവപര്യന്തം.

പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 സെപ്റ്റംബറിലാണ് വിമുക്തഭടനായ പുളിക്കപ്പറമ്പ് അംബ്ദേകര്‍ കോളനിയിലെ താമസക്കാരായ സ്വാമിനാഥനും (72), ഭാര്യ പ്രേമകുമാരിയും (65) കൊല്ലപ്പെടുന്നത്. പ്രതികള്‍ തമ്മിലുള്ള രഹസ്യ ബന്ധം ദമ്പതിമാർ കണ്ടു പിടിച്ചതാണ്  കൊല നടത്താൻ കാരണമായത്.

Signature-ad

കൊല്ലപ്പെട്ട ദമ്പതികളുടെ മകൻ്റെ ഭാര്യ ഷീജയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രഹസ്യക്കാരനായ സദാനന്ദനെ ഉപയോഗിച്ച് ദമ്പതികളെ വകവരുത്തുകയായിരുന്നു. സദാനന്ദനും ഷീജയും തമ്മിലുള്ള ബന്ധം സൈനികനായ മകനെ അറിയിക്കുമെന്ന് സ്വാമിനാഥന്‍ മുന്നറിയിപ്പ് നല്‍കിയതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

കൊല നടത്താൻ ശ്രമിച്ചത് 7 തവണ

ദമ്പതികളെ കൊലപ്പെടുത്താൻ 2017 ഓഗസ്റ്റ് 30 മുതൽ സദാനന്ദനും ഷീജയും 7 തവണ ശ്രമിച്ചു. രണ്ടുപേരെയും ഒരേ സമയം കൊലപ്പെടുത്താൻ  ബുദ്ധിമുട്ടായതിനാൽ, സ്വാമിനാഥൻ വീട്ടിൽ തനിച്ചുള്ള ദിവസം ഷീജയിൽനിന്നു സദാനന്ദൻ മനസ്സിലാക്കി. രക്തസമ്മർദം കൂടിയ പ്രേമകുമാരി  പാലക്കാട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓഗസ്റ്റ് 30, 31 തീയതികളിലും കൊലപാതക ശ്രമം നടത്തി. പക്ഷേ രണ്ടു തവണയും ശ്രമം പരാജയപ്പെട്ടു.

പിന്നീട് ചികിത്സ കഴിഞ്ഞു പ്രേമകുമാരി വീട്ടിലെത്തിയപ്പോൾ  കൂട്ടുകിടക്കാൻ ഷീജയും ഇവിടെ എത്തി. കൊലപാതകം എളുപ്പമാക്കാൻ സദാനന്ദന്റെ നിർദ്ദേശമനുസരിച്ചായിരുന്നു ഇത്. ഒടുവിൽ നിർദ്ദിഷ്ട ദിവസം രാത്രി തോലനൂരിലെത്തിയ സദാനന്ദൻ ഷീജയുടെ സഹായത്തോടെ  കൊല നടത്തി.

സ്വാമിനാഥനെ സ്വീകരണമുറിയിൽ വച്ച് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി വയറിൽ കുത്തിയും പ്രേമകുമാരിയെ കിടപ്പുമുറിയിൽ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചും മുറിവേൽപ്പിച്ചുമാണ് കൊന്നത്.

മോഷണശ്രമത്തിനിടെയാണ് കൊല നടന്നതെന്ന് വരുത്തിത്തീർക്കാനും പ്രതികൾ ശ്രമിച്ചു. ഇതിനായി ഷീജയുടെ കൈകാലുകൾ ബന്ധിച്ച് അടുക്കളയിൽ കിടത്തുകയും മുളകുപൊടി വിതറുകയും ചെയ്തു. ഷീജയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന് തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടന്നു. ഷീജയുടെ മാലയും വളയും ഉൾപ്പെടെ 12 പവൻ സ്വർണാഭരണങ്ങളും സദാനന്ദൻ എടുത്തു. ഇവ പിന്നീട് പ്രതിയുടെ മങ്കരയിലെ വീട്ടിൽനിന്നു കണ്ടെത്തി.

Back to top button
error: