CrimeNEWS

ശിവസേന പോളിങ് ഏജന്റ് ബൂത്തിലെ ടോയ്ലെറ്റില്‍ മരിച്ച നിലയില്‍

മുംബൈ: ശിവസേന ഉദ്ദവ് താക്കറെ പക്ഷം പോളിങ് ബൂത്ത് ഏജന്റ് മരിച്ച നിലയില്‍. 62 കാരനായ മനോഹര്‍ നാല്‍ഗെയെയാണ് ഇലക്ഷന്‍ ഡ്യൂട്ടിക്കിടെ പോളിങ് ബൂത്തിലെ ടോയ്ലെറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അഞ്ചാംഘട്ട വോട്ടെടുപ്പിനിടെയാണു സംഭവം.

വോര്‍ലിയിലെ എന്‍.എം ജോഷി മാര്‍ഗിലെ ബി.ഡി.ഡി ചൗള്‍ സ്വദേശിയാണു മരിച്ച മനോഹര്‍. വോര്‍ലിയില്‍ ഒരു പോളിങ് ബൂത്തില്‍ ശിവസേനയുടെ ഏജന്റായിരുന്നു. ടോയ്ലെറ്റില്‍ ബോധരഹിതനായി കണ്ടെത്തിയ വയോധികനെ ഉടന്‍ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Signature-ad

മനോഹറിന്റെ മരണത്തില്‍ സേന ഉദ്ദവ് പക്ഷം മുംബൈ സൗത്ത് ലോക്സഭാ സ്ഥാനാര്‍ഥിയായ അരവിന്ദ് സാവന്ത് തെരഞ്ഞെടുപ്പ് കമ്മിഷനെ കുറ്റപ്പെടുത്തി. കമ്മിഷന്റെ പിടിപ്പുകേടാണ് ശിവസേന പ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയതെന്ന് സാവന്ത് ആരോപിച്ചു. വോര്‍ലിയില്‍ രാവിലെ ഒരു തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു. പോളിങ് സ്റ്റേഷനുകളില്‍ ആവശ്യമായ വെള്ളമോ വായുവോ ഒന്നും ലഭ്യമല്ല. കടുത്ത ചൂടിലും വെയില്‍ കൊണ്ട് വരിനില്‍ക്കുകയാണ് വോട്ടര്‍മാര്‍. ചരിത്രത്തിലെ ഏറ്റവും മോശം വോട്ടിങ്ങാണു കഴിഞ്ഞ ദിവസം നടന്നതെന്നും അരവിന്ദ് സാവന്ത് വിമര്‍ശിച്ചു.

ഇന്നലെ മഹാരാഷ്ട്രയില്‍ 13 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. രാജ്യത്ത് തന്നെ ഇന്നലെ ഏറ്റവും കുറവ് വോട്ടിങ് ശതമാനം രേഖപ്പെടുത്തിയതും മഹാരാഷ്ട്രയിലായിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇ.വി.എം തകരാറും വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ അക്രമസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പലയിടത്തും പോളിങ് സ്റ്റേഷനുകളില്‍ മതിയായ സൗകര്യമില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

 

Back to top button
error: