മുംബെ: ബൈക്കില്‍ കാറിടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ട കേസില്‍ 17കാരന് അറസ്റ്റിലായി 15 മണിക്കൂറിനുള്ളില്‍ ജാമ്യം. ശനിയാഴ്ച രാത്രിയാണ് 17കാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവും യുവതിയും കൊല്ലപ്പെട്ടത്. പൂനെയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ മകനാണ് പ്രതി.
പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം ലഭിച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു. യെര്‍വാഡ ട്രാഫിക് പൊലീസിനൊപ്പം 15 ദിവസം പ്രവര്‍ത്തിക്കണം, റോഡ് അപകടങ്ങളെക്കുറിച്ച് ഉപന്യാസം എഴുതണം, മദ്യപാനത്തിന് ചികിത്സ തേടണം, കൗണ്‍സലിംഗ് സെഷനുകളില്‍ പങ്കെടുക്കണം എന്നിവയാണ് കോടതി നിര്‍ദേശം.
മദ്ധ്യപ്രദേശില്‍ നിന്നുള്ള എഞ്ചിനീയര്‍മാരായ അനീഷ് അവാദിയ (24), അശ്വിനി കോഷ്ത (24) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പൂനെയിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ശനിയാഴ്ച രാത്രി 2.15ഓടെ സുഹൃത്തുക്കളുമൊത്ത് ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിനുശേഷം മടങ്ങവേയാണ് ഇരുവരും സഞ്ചരിച്ച ബൈക്കില്‍ പോര്‍ഷെ ഇടിച്ചത്. മണിക്കൂറില്‍ 200 കിലോമീറ്ററിലധികം സ്പീഡിലാണ് പോര്‍ഷെ ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ 20 അടിയോളം മുകളിലേയ്ക്ക് പറന്നുയര്‍ന്ന അശ്വിനി ശക്തമായി താഴേയ്ക്ക് പതിക്കുകയായിരുന്നുവെന്നും പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലാണ് അനീഷ് വീണതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
കാറിനുള്ളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ടുപേരുണ്ടായിരുന്നതായി ദൃക്സാക്ഷിയായ ഒരു ഓട്ടോഡ്രൈവര്‍ പറഞ്ഞു. അതിലൊരാള്‍ രക്ഷപ്പെടുകയും മറ്റ് രണ്ടുപേരെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. പതിനഞ്ച് മിനിട്ടിനുള്ളില്‍ തന്നെ പൊലീസ് സംഭവസ്ഥലത്ത് എത്തുകയും ചെയ്തതായി ഓട്ടോറിക്ഷാ ഡ്രൈവര്‍ പറഞ്ഞു.
പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ പാസായതിന് പബ്ബില്‍ പാര്‍ട്ടി നടത്തിയതിനുശേഷം മടങ്ങുകയായിരുന്നു പ്രതിയും സുഹൃത്തുക്കളും. കാറിന് നമ്പര്‍ പ്‌ളേറ്റുമില്ലായിരുന്നു. മരണപ്പെട്ടവരില്‍ ഒരാളുടെ സുഹൃത്തിന്റെ പരാതിയില്‍ അപകടമാംവിധത്തില്‍ വാഹനമോടിച്ചതിനും അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിനിടയാക്കിയതിനുമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയുടെ പിതാവിനെയും പബ്ബ് ഉടമയെയും പ്രതിചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു.
ഹീനമായ കുറ്റകൃത്യമായതിനാല്‍ പ്രതിയെ പ്രായപൂര്‍ത്തിയായതായി കണക്കാക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൂനെ പൊലീസ് കമ്മിഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു. പ്രതിക്ക് ജാമ്യം ലഭിച്ചതിനെതിരെ പൊലീസ് സെഷന്‍സ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടി മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വ്യക്തമായതായി കമ്മിഷണര്‍ പറഞ്ഞു. കൗമാരക്കാരനും സുഹൃത്തുക്കളും അമിതമായി മദ്യപിച്ചിരുന്നതായി നിരവധി ദൃക്സാക്ഷികള്‍ പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.