ഇറാൻ–അസർബൈജാൻ അതിർത്തിയിൽ അണക്കെട്ട് ഉദ്ഘാടനത്തിനുശേഷം ഹെലികോപ്റ്ററിൽ മടങ്ങുന്നതിനിടെ വിദൂര വനമേഖലയിൽപ്പെട്ട് കാണാതായ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്കായി തിരച്ചിൽ ശക്തമാക്കി ഇറാൻ. പ്രസിഡന്റ് റെയ്സിക്കൊപ്പം വിദേശകാര്യ മന്ത്രി അമീർഅബ്ദുല്ലാഹിയാനും അപകടത്തിൽപ്പെട്ടിട്ടുണ്ട്. രാജ്യമാകെ ഇബ്രാഹിം റെയ്സിക്കായി പ്രാർഥനയിലാണ്. ഇതിന്റെ വിവിധ ദൃശ്യങ്ങൾ പുറത്തുവന്നു. 12 മണിക്കൂർ പിന്നിട്ടിട്ടും റെയ്സിയെ കണ്ടെത്താൻ കഴിയാത്തത് ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്.
രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സഹായം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കി. വിവിധ പ്രദേശങ്ങളിലായി നാൽപതിലേറെ സംഘങ്ങളാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. അതേസമയം, അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടുത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയതെന്നും വിവരങ്ങളുണ്ട്. കാൽനടയായി മാത്രമേ ഇവിടേക്ക് എത്താൻ സാധിക്കുകയുള്ളൂ. കനത്തമഴയിലാണ് രക്ഷാപ്രവർത്തകർ അങ്ങോട്ടേക്ക് സഞ്ചരിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല.