വഞ്ചനാക്കേസില്‍ കൊയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത നിര്‍മാതാവ് ജോണി സാഗരിക കേരളത്തിലും സമാനമായ തട്ടിപ്പ് നടത്തി. തൃശൂര്‍ വരാക്കര സ്വദേശി ജിന്‍സ് തോമസിന്റെ കയ്യില്‍ നിന്ന് 2 കോടിയോളം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ തൃശൂര്‍ സിജെഎം കോടതിയുടെ പരിഗണനയിലാണ്.
കോയമ്പത്തൂര്‍ കേസിലെ പരാതിക്കാരനായ ദ്വാരക് ഉദയകുമാറിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമാണ് ജിന്‍സ്. 2016- ’17 കാലത്തായിരുന്നു തട്ടിപ്പ്. ‘നോണ്‍സെന്‍സ്’ എന്ന സിനിമയുടെ നിര്‍മാണത്തിനായി 75 ലക്ഷം രൂപ നിക്ഷേപിച്ചു. 25 ശതമാനം ലാഭം എന്നായിരുന്നു വാഗ്ദാനം. ഒരു വര്‍ഷം കഴിഞ്ഞാല്‍ മുടക്കുമുതല്‍ എപ്പോള്‍ വേണമെങ്കിലും മടക്കി നല്‍കാമെന്നും ജോണി പറഞ്ഞു. പിന്നീട് വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ് 1.16 കോടി രൂപയും കൈപ്പറ്റി. ജോണി സാഗരിക നല്‍കിയ ചെക്കുകള്‍ മടങ്ങിയതോടെ ആണ് തട്ടിപ്പ് മനസിലാക്കിയത്. 2 കോടി കൂടാതെ കെഎസ്എഫ്ഇയില്‍ നിന്ന് ചിട്ടി കിട്ടാനായി ഈടുവയ്ക്കാന്‍ താന്‍ നല്‍കിയ സ്ഥലത്തിന്റെ ആധാരവും ജോണി ഇതുവരെ എടുത്തു തന്നിട്ടില്ലെന്ന് ജിന്‍സ് പറയുന്നു.
‘നിറം 2’ ഉള്‍പ്പെടെയുള്ള സിനിമകള്‍ താന്‍ നിര്‍മിക്കുന്നുണ്ട് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ജോണി സാഗരിക പണം വാങ്ങിയതെന്ന് ജിന്‍സ് പറയുന്നു. കീരവാണി ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുമെന്ന് പറഞ്ഞ് വിഡിയോകള്‍ അയച്ചു തന്നു. പണം തിരികെ നല്‍കാതെ വന്നതോടെ, പരാതി നല്‍കുമെന്ന് പറയുമ്പോള്‍ പൊതുസമൂഹത്തിനു മുന്നില്‍ അപമാനിക്കരുത് എന്ന് ജോണി അപേക്ഷിച്ചിരുന്നു.
ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല എന്നാണ് ജിന്‍സ് പറയുന്നത്. എന്നാല്‍ കോയമ്പത്തൂര്‍ കേസില്‍ ജോണി അറസ്റ്റിലായതിനു ശേഷം തന്റെ കേസിനെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് വിളിച്ചിരുന്നു എന്നും ജിന്‍സ് വ്യക്തമാക്കി. പണം തിരികെക്കിട്ടാതെ വന്നതോടെ ജിന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. വാങ്ങിയ പണത്തിന് ഈടായി നല്‍കിയ രണ്ടു കോടിയോളം രൂപയുടെ ചെക്കുകള്‍ മടങ്ങിയെന്നും പിന്‍വലിച്ച ബാങ്ക് അക്കൗണ്ടിന്റെ ചെക്കുകള്‍ ഉപയോഗിച്ച് തന്നെ വഞ്ചിക്കുകയായിരുന്നു എന്നും കാണിച്ചാണ് ജിന്‍സ് കോടതിയെ സമീപിച്ചത്.
കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിനോട് സിനിമ നിർമാണത്തിൻ്റെ പേരു പറഞ്ഞ് ജോണി സാഗരിഗ 2.75 കോടിയാണ് തട്ടി എടുത്തത്. ഉദയകുമാറിന്റെ പരാതിയിൽ കോയമ്പത്തൂർ പൊലീസ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ജോണിയെ പിടികൂടിയിരുന്നു.
നിലവിൽ കാനഡയിലുള്ള ദ്വാരക് ഉദയകുമാർ എൻആർഐ പോർട്ടൽ വഴി 2023 ഒക്ടോബർ 11നാണ് പരാതി നൽകിയത്.