ഓടുന്ന ട്രെയിനിൽ നിന്ന് ചാടി അത്യാഹിതം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമോ? ഇല്ല… പക്ഷേ കർണാടകക്കാരി ജയമ്മയുടെ കുടുംബത്തിന് 8 ലക്ഷം ലഭിച്ചത് എങ്ങനെ…?
ഇന്ത്യൻ റെയിൽവേ രാജ്യത്തിൻ്റെ ജീവനാഡിയാണ്. ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. റെയിൽവേ യാത്രക്കാർക്ക് പൂർണ ശ്രദ്ധ നൽകുന്നു. റെയിൽവേയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്യുന്നവർക്ക് വകുപ്പ് നഷ്ടപരിഹാരം നൽകുന്നുണ്ട്.
റെയിൽവേയ്ക്ക് പിഴവ് സംഭവിക്കുമ്പോൾ മാത്രമേ ഈ നഷ്ടപരിഹാരം ലഭിക്കൂ. എന്നാൽ കർണാടകയിൽ സ്വന്തം പിഴവ് മൂലം മരിച്ച ഒരു സ്ത്രീക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം വിധിച്ചു. റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണലിൻ്റെ വിധി റദ്ദാക്കി കുടുംബത്തിന് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് നിർദേശിച്ചത്.
ആ കഥ ഇങ്ങനെ:
ജയമ്മ എന്ന സ്ത്രീയും സഹോദരി രത്നമ്മയും തിരുപ്പതി പാസഞ്ചർ ട്രെയിനിൽ അശോകപുരത്തേക്ക് പോകുന്നതിനായി ട്രെയിൻ ടിക്കറ്റ് എടുത്തു. പക്ഷേ അറിയാതെ അവർ തൂത്തുക്കുടി എക്‌സ്പ്രസിൽ കയറി. ട്രെയിൻ നീങ്ങിത്തുടങ്ങിയ ഉടൻ അത് അശോകപുരത്തേക്ക് പോകില്ലെന്ന് മനസിലാക്കിയ ജയമ്മ പരിഭ്രാന്തയായി ട്രെയിനിൽ നിന്ന് ചാടി. പ്ലാറ്റ്‌ഫോമിൽ വീണ ജയമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നീട് ആശുപത്രിയിൽ മരിച്ചു.
2016-ൽ, ജയമ്മയുടെ മരണത്തെ തുടർന്ന് അവരുടെ കുടുംബം ബെംഗ്ളൂറിലെ റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണലിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകി. എന്നാൽ അപേക്ഷ തള്ളി. ജയമ്മയ്ക്ക് യാത്ര തുടരുകയോ അല്ലെങ്കിൽ അടുത്ത സ്റ്റേഷനിൽ ഇറങ്ങുകയോ ചെയ്യാമായിരുന്നു എന്നും അല്ലെങ്കിൽ ചങ്ങല വലിച്ച് ട്രെയിൻ നിർത്താമായിരുന്നു എന്നും വിധിയിൽ പറഞ്ഞു.
ഇതോടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. വാദം കേട്ട കോടതി പലിശ ഉൾപെടെ 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് റെയിൽവേയോട് നിർദ്ദേശിച്ചു. ജയമ്മ ഒരു യഥാർഥ യാത്രക്കാരിയാണെന്നും സുപ്രീം കോടതി ശരിവച്ചത് പോലെയുള്ള ‘അനിഷ്‌ട സംഭവ’ത്തിൽ നിന്നാണ് മരണം സംഭവിച്ചതെന്നും ജസ്റ്റിസ് എച്ച്.പി സന്ദേശ് നിരീക്ഷിച്ചു. 1989-ലെ റെയിൽവേ നിയമത്തിലെ സെക്ഷൻ 124, 124 എ വകുപ്പുകൾ കോടതി പരാമർശിച്ചു.