KeralaNEWS

ടോറസും ടിപ്പറും നിരത്തുകളിലെ കാലന്മാർ: കണ്ണൂരില്‍  സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം, തൃശൂരില്‍ അപകടത്തിൽ 10 ലേറെ പേര്‍ക്ക് പരിക്ക്

        സംസ്ഥാനത്ത് ടിപ്പർ ലോറിയും ടോറസും അപകടങ്ങൾ വിതയ്ക്കുന്നു. കണ്ണൂർ ജില്ലയിലെ പാനൂരില്‍ സ്‌കൂട്ടറിന് പിന്നില്‍ ടിപ്പർ ഇടിച്ച് ഹയര്‍ സെകന്‍ഡറി വിദ്യാര്‍ഥി ദാരുണമായി മരിച്ചു. തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 ഓളം പേര്‍ക്ക് പരിക്ക്.

പാനൂര്‍ ചെറിയ പറമ്പത്ത് മുനീര്‍-ഫാത്തിമ ദമ്പതികളുടെ മകന്‍ ഫായിസാണ് മരിച്ചത്. ഇന്നലെ (വ്യാഴം) വൈകുന്നേരം 4  മണിയോടെയായിരുന്നു അപകടം.

Signature-ad


കൂടെയുണ്ടായിരുന്ന സുഹൃത്ത് ആത്തിഖിന് പരുക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണൂരിലെ ചെറുപുഴയില്‍ ബുധനാഴ്ച രാവിലെ ടിപ്പറിടിച്ച് വയോധികന്‍ മരിച്ചിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു ദുരന്തം കൂടി സംഭവിച്ചത്.

ഗുരുവായൂർ- കൊട്ടാരക്കര  കെഎസ്ആര്‍ടിസി ബസും മണ്ണ് കയറ്റിവന്ന ടോറസുമായി തൃശൂര്‍ കുന്നംകുളം കുറുക്കന്‍ പാറയില്‍  കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 ഓളം പേര്‍ക്ക് പരിക്കു പറ്റി. ടോറസ് വെട്ടിപ്പൊളിച്ചാണ് കുടുങ്ങിപ്പോയ ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കെഎസ്ആര്‍ടിസി ബസിന്റെയും ടോറസിന്റെയും ഡ്രൈവര്‍മാര്‍ക്ക് സാരമായ പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടസമയത്ത് കനത്ത മഴയുണ്ടായിരുന്നു. ബസില്‍ 13 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പറഞ്ഞു.

Back to top button
error: