IndiaNEWS

തൊഴില്‍ നയത്തില്‍ പ്രതിഷേധം: ജീവനക്കാര്‍ കൂട്ടത്തോടെ സിക്ക് ലീവെടുത്തു, ഫോണും ഓഫാക്കി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയത് 70 സര്‍വീസുകള്‍

ന്യൂഡല്‍ഹി: ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജീവനക്കാര്‍ കൂട്ടത്തോടെ സിക്ക് ലീവില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയത് എഴുപതിലേറെ സര്‍വീസുകള്‍. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ തൊഴില്‍ നയങ്ങളോട് പ്രതിഷേധിച്ചാണ് ജീവനക്കാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചത്. 300 മുതിര്‍ന്ന കാബിന്‍ ക്രൂ അംഗങ്ങള്‍ അവസാന നിമിഷം സിക്ക് ലീവ് നല്‍കി മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തതായാണ് വിവരം. ക്രൂ അംഗങ്ങളെ ബന്ധപ്പെടാന്‍ മാനേജ്‌മെന്റ് ശ്രമിച്ചുവരികയാണെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

”ഞങ്ങളുടെ ഒരു വിഭാഗം കാബിന്‍ ക്രൂ അംഗങ്ങള്‍ അവസാന നിമിഷം സിക്ക് ലീവ് റിപ്പോര്‍ട്ട് ചെയ്തു. ഇതുമൂലം വിമാനങ്ങള്‍ പലതും വൈകുകയും റദ്ദാക്കുകയും ചെയ്തു. ഇതിനുപിന്നിലെ കാരണങ്ങള്‍ മനസ്സിലാക്കുന്നതിനായി ക്രൂ അംഗങ്ങളുമായി ബന്ധപ്പെട്ടുവരികയാണ്. ഇതുമൂലം ഞങ്ങളുടെ അതിഥികള്‍ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് വേണ്ടി ഞങ്ങളുടെ ടീം ശ്രമിക്കുകയാണ്. യാത്രക്കാര്‍ക്ക് ഇതുമൂലം ഉണ്ടായ എല്ലാ ബുദ്ധിമുട്ടിനും ക്ഷമചോദിക്കുന്നു” എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായും തിരിച്ചുനല്‍കുകയോ പകരം യാത്രാസംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Signature-ad

കഴിഞ്ഞ മാസം എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഒരു വിഭാഗം കാബിന്‍ ക്രൂവിനെ പ്രതിനിധീകരിക്കുന്ന യൂണിയന്‍, കമ്പനിയുടെ ജീവനക്കാരോടുള്ള പെരുമാറ്റത്തില്‍ വിവേചനമുള്ളതായി ആരോപിച്ചിരുന്നു. വിമാനം റദ്ദാക്കിയത് യാത്രക്കാരെ നേരത്തേ അറിയിക്കാത്തതുമൂലം ദൂരസ്ഥലങ്ങളില്‍ നിന്നടക്കം നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. കെടുകാര്യസ്ഥത ജീവനക്കാരെ ദോഷകരമായി ബാധിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ യൂണിയനും (എഐഎക്‌സ്ഇയു) ആരോപിച്ചിരുന്നു.

അതേസമയം, കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്ന് പരാതി. അബുദാബി, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനങ്ങള്‍ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലാതെ വന്നതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിേഷധിച്ചു.

 

Back to top button
error: