KeralaNEWS

വീട്ടിലെ ചൂട് കുറയ്ക്കാൻ ‘സ്‌കറിയ ടെക്‌നിക്’

തൃശൂർ: പൊള്ളുന്ന ചൂട് 77കാരനായ കുരിയച്ചിറ നെഹ്രു കോളനിയിലെ സി.ഡി.സ്‌കറിയയുടെ വീടിനെ അലട്ടാറില്ല. ഓഫീസ്റൂമും കിടപ്പുമുറിയുമെല്ലാം എ.സിയില്ലാതെ കുളിർമ്മയുള്ളതാക്കാൻ സ്കറിയ   കണ്ടെത്തയ വിദ്യ ഇന്ന് പലരും അനുകരിച്ച് തുടങ്ങി.

നഴ്‌സറികളില്‍ നിന്നും മറ്റും വാങ്ങാൻ കിട്ടുന്നതും വീട്ടിലെ വേസ്റ്റ് കൃത്യമായി നല്‍കുന്നവ‌ർക്ക് സൗജന്യമായി ലഭിക്കുന്നതുമായ ചകിരിച്ചോറും ടാർപോളിനും ഉപയോഗിച്ചുള്ള വിദ്യയാണിത്. കട്ടയായി വാങ്ങാൻകിട്ടുന്ന അഞ്ചു കിലോ ചകിരിച്ചോറിന് 130 രൂപ. ശരാശരി വലിപ്പമുള്ള ഒരു മുറിക്ക് ഇത്തരത്തിലുള്ള രണ്ടു കട്ട മതി.

ടെറസിന് മുകളില്‍ ടാർപോളിൻ വിരിച്ച്‌ അതില്‍ നനച്ചുപൊടിച്ച ചകിരിച്ചോറ് അര ഇഞ്ച് കനത്തില്‍ ഇടുക. അതിന് മുകളില്‍ ടാർപോളിൻ വിരിക്കുക. ആഴ്ചയിലൊരിക്കല്‍ നന്നായി നനച്ചാല്‍ മതി. ഭാരത്തിന്റെ പത്തിരട്ടി വെള്ളം സംഭരിക്കുന്ന ചകിരിച്ചോറില്‍ നിന്ന് മുറിയിലേക്ക് തണുപ്പിറങ്ങും. ഫാനിട്ടാല്‍ കുളിർമ്മയുള്ള കാറ്റ് കിട്ടും. പകല്‍ ജനലുകള്‍ അടച്ചിട്ട് മുറിയിലേക്ക് ചൂട് കയറാതെ ശ്രദ്ധിക്കണം. ചകിരിച്ചോർ വർഷങ്ങളോളം കേടാകില്ല. മഴക്കാലത്ത് മാറ്റേണ്ടതുമില്ല. ടാർപോളിനുള്ളതിനാല്‍ ടെറസില്‍ ചകിരിച്ചോറിന്റെ കറയും നനവും പിടിക്കുകയുമില്ല. 20 കൊല്ലമായി തുടരുന്ന ‘സ്‌കറിയ ടെക്‌നിക്’ അനുകരിച്ചവരും നിരവധി. ഭാര്യ ഉഷയും മകള്‍ ഷെറിനും ഈ കുളിർവിദ്യയില്‍ സന്തുഷ്ടരാണ്.

ഫാർമസ്യൂട്ടിക്കല്‍ കമ്ബനി നടത്തുകയായിരുന്ന സ്‌കറിയ മുമ്ബൊരു കടുത്ത വേനലിലാണ് ചൂട് കുറയ്ക്കുന്നതിനെപ്പറ്റി ചിന്തിച്ചത്. തെങ്ങോലയും ചിരട്ടയും വയ്‌ക്കോലുമൊക്കെയിട്ടുള്ള പരീക്ഷണം ഫലിച്ചില്ല. വീടിന് സമീപം മാവ് നട്ട് ശിഖരങ്ങള്‍ മേല്‍ക്കൂരയിലേക്ക് പടർത്താനുള്ള ശ്രമവും പരാജയപ്പെട്ടപ്പോഴാണ് ചകിരിച്ചോറിനെപ്പറ്റി കേട്ടറിഞ്ഞത്. ആ പരീക്ഷണം വിജയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: