പരസ്യ പ്രതിഷേധത്തിനും ബഹിഷ്‌ക്കരണ ആഹ്വാനത്തിനും പിന്നാലെ ബി.ജെ.പിക്കെതിരെ സോഷ്യല്‍ മീഡിയ കാംപയിനും ആരംഭിച്ചിരിക്കുകയാണ് രജപുത്ര സമുദായം. ചരിത്രം വളച്ചൊടിക്കുന്നുവെന്നും ലോക്‌സഭയില്‍ മതിയായ പ്രാതിനിധ്യമില്ലെന്നും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയർത്തിയാണ് സോഷ്യല്‍ മീഡിയയില്‍ കാംപയിൻ ആരംഭിച്ചിരിക്കുന്നത്.
ഗുജറാത്തില്‍നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പർഷോത്തം രൂപാലയുടെ വിവാദ പരാമർശങ്ങള്‍ക്കു പിന്നാലെയാണ് രജപുത്ര പ്രതിഷേധങ്ങള്‍ക്കു തുടക്കം കുറിച്ചത്. ഇപ്പോഴിതാ RajputBoycottBJP എന്ന ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയയിലും പ്രചാരണം മുറുകുകയാണ്. എക്‌സില്‍ ഇതിനകം ലക്ഷക്കണക്കിന് പോസ്റ്റുകളാണ് ഇതേ ഹാഷ്ടാഗോടെ വന്നത്. എക്‌സില്‍ ട്രൻഡായി മാറിയിരിക്കുകയാണ് #RajputBoycottBJP.
ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും രാജസ്ഥാനും പുറമെ യു.പിയിലും ബി.ജെ.പിക്കെതിരെ രജപുത്രരോഷം ശക്തമാണ്. കഴിഞ്ഞ ഏപ്രില്‍ 18ന് മുസഫർനഗർ ലോക്‌സഭാ മണ്ഡലം പരിധിയിലുള്ള ഖേദയില്‍ രജപുത്ര മഹാപഞ്ചായത്ത് നടന്നിരുന്നു. ചടങ്ങില്‍ ബി.ജെ.പി സ്ഥാനാർഥികളെ തോല്‍പിക്കാൻ ആഹ്വാനമുയർന്നിരുന്നു. സമുദായത്തിന് മതിയായ സീറ്റ് ലഭിച്ചില്ല, സർക്കാർ പദ്ധതികള്‍ നടപ്പാക്കിയില്ല എന്നിവയ്‌ക്കൊപ്പം പർഷോത്തം രൂപാലയുടെ വിവാദ പരാമർശവുമാണ് ഇത്തരമൊരു തീരുമാനത്തിനു കാരണമായി സമുദായ നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. അഗ്നിവീർ പദ്ധതിയും മഹാപഞ്ചായത്തില്‍ വിഷയമായി ഉയർത്തിയിട്ടുണ്ട്.
തങ്ങളുടെ പൂർവികരുടെ ചരിത്രം വളച്ചൊടിക്കാനാണ് ബി.ജെ.പിയും ആർ.എസ്.എസ്സും ശ്രമിക്കുന്നതെന്നാണ് രജപുത്രർ ആരോപിക്കുന്നത്. സാമ്രാട്ട് മിഹിർ ഭോജ്, അനങ്പാല്‍ ടോമർ, പൃഥ്വിരാജ് ചൗഹാൻ ഉള്‍പ്പെടെയുള്ള ചരിത്രപുരുഷന്മാരുടെ രജപുത്രസ്വത്വം തട്ടിയെടുക്കാനാണ് ഇവർ ശ്രമിക്കുന്നതെന്ന് ശ്രീരാഷ്ട്രീയ രജ്പുത് കർണിസേന തലവൻ സുഖ്‌ദേവ് സിങ് ഗോഗാമേഡി കുറ്റപ്പെടുത്തി. രജപുത്ര, യാദവ വോട്ടർമാരെ തമ്മിലടിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും വിമർശനം ഉയർന്നിട്ടുണ്ട്.
ദലിത് സമുദായമായ രുഖി വിഭാഗത്തിന്റെ ഒരു പരിപാടിയില്‍ രൂപാല നടത്തിയ പരാമർശമാണ് രജപുത്രന്മാർ ഉള്‍പ്പെടെയുള്ള ‘മേല്‍ജാതി’ സമുദായങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്. രാജാക്കന്മാരും രാജകുടുംബങ്ങളുമെല്ലാം ബ്രിട്ടീഷുകാർക്കുമുന്നില്‍ തലകുമ്ബിട്ടപ്പോഴൊന്നും അതിനു നിന്നുകൊടുക്കാത്തവരാണ് രുഖി സമുദായം എന്നായിരുന്നു മന്ത്രിയുടെ പരാമർശം. ഇത് തങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ക്ഷത്രിയ സമുദായങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരിക്കുകയാണ്. രൂപാലയെ ഗുജറാത്തിലെ രാജ്കോട്ട് പാർലമെന്റ് സീറ്റില്‍ സ്ഥാനാർഥിയായി ബി.ജെ.പി പ്രഖ്യാപിച്ചതോടെ പ്രതിഷേധം കടുക്കുകയായിരുന്നു.
ഗുജറാത്തിനു പുറമെ രാജസ്ഥാൻ, മഹാരാഷ്ട്ര, യു.പി, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രജപുത്ര ക്ഷത്രിയ നേതാക്കള്‍ ബി.ജെ.പിക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഗുജറാത്തിലെ 26 സീറ്റിലും ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുമെന്ന് രജപുത്ര സമുദായം പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂപേന്ദ്രഭായ് പട്ടേല്‍, ബി.ജെ.പി അധ്യക്ഷൻ സി.ആർ പാട്ടീല്‍ എന്നിവർ സമുദായ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷവും രൂപാലയുടെ കാര്യത്തില്‍ തീരുമാനം മാറ്റിയിരുന്നില്ല. ഇതോടെയാണ് രജപുത്ര സമുദായം നിലപാട് കടുപ്പിച്ചത്.
ഉത്തർപ്രദേശിലെ സഹാറൻപൂർ, മുസഫർനഗർ, മീറത്ത് എന്നിവിടങ്ങളിലെല്ലാം വൻ പ്രതിഷേധ പരിപാടികളാണ് നടന്നിരുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലുമെല്ലാം രജപുത്രർക്കിടയില്‍ രോഷമുയർന്നിട്ടുണ്ട്. ഈ പ്രതിഷേധങ്ങളെല്ലാം വോട്ടായി മാറുകയാണെങ്കില്‍ ഹിന്ദി ഹൃദയഭൂമിയില്‍ ഉള്‍പ്പെടെ ബി.ജെ.പി വലിയ തിരച്ചടിയാകും നേരിടേണ്ടിവരിക.