KeralaNEWS

ഗള്‍ഫില്‍ നിന്ന് കണ്ണൂരിലേക്ക് കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കണ്ണൂർ: പ്രവാസികള്‍ക്ക് ആശ്വാസമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കണ്ണൂരിലേക്ക് കൂടുതല്‍ വിമാന സർവീസുകള്‍ പ്രഖ്യാപിച്ച്‌ എയർ ഇന്ത്യ എക്‌സ്പ്രസ്.

യുഎഇയിലെ റാസല്‍ഖൈമ, സൗദിയിലെ ദമാം എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ സർവീസുകള്‍ എയർ ഇന്ത്യ എക്‌സ്പ്രസ് ആരംഭിച്ചത്.

Signature-ad

കൂടാതെ അബുദാബി, മസ്‌കത്ത് എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂരിലേക്കുള്ള സേവനങ്ങള്‍ കൂട്ടാനും എയർലൈൻ തീരുമാനിച്ചിട്ടുണ്ട്.

പുതിയ തീരുമാനത്തോടെ  1302 സീറ്റുകള്‍ വർധിച്ച്‌ 6138 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമായി. ഇതുവരെ ആഴ്‌ചയില്‍ 4836 പേർക്കായിരുന്നു യാത്ര ചെയ്യാൻ അവസരമുണ്ടായിരുന്നത്.

ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് റാസല്‍ഖൈമ-കണ്ണൂർ സർവീസ് നടക്കുക. രാത്രി 9.45ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.10ന് കണ്ണൂരില്‍ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ദമാമില്‍നിന്ന് കണ്ണൂരിലേക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ആഴ്‌ചയില്‍ 3 സർവീസുകളാണ് ഉള്ളത്. കണ്ണൂരില്‍ നിന്ന് കൂടുതല്‍ മേഖലകളിലേക്ക് സർവീസ് തുടങ്ങാനുള്ള തയാറെടുപ്പിലാണ് എയർഇന്ത്യ എക്‌സ്പ്രസ്. ഇതിന്റെ ആദ്യപടിയാണ് ഇപ്പോഴത്തെ പ്രഖ്യാപനങ്ങള്‍.

മലബാർ മേഖലയില്‍ പ്രത്യേകിച്ച്‌ വടക്കൻ മലബാറിലെ പ്രവാസികള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്ന തീരുമാനമാണിത്. കോഴിക്കോട് എയർപോർട്ട് ഉണ്ടെങ്കിലും വടകരയ്ക്ക് അപ്പുറമുള്ള യാത്രക്കാർ കൂടുതലായും കണ്ണൂർ എയർപോർട്ടിനെയാണ് ഇപ്പോള്‍ കൂടുതലായി ആശ്രയിക്കുന്നത്. പുതിയ സർവീസുകള്‍ പ്രഖ്യാപിച്ചതോടെ അവർക്ക് കോഴിക്കോട് വഴിയുള്ള യാത്ര ഒഴിവാക്കാം.

Back to top button
error: