IndiaNEWS

ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം ; പഞ്ചാബിൽ കർഷകൻ കൊല്ലപ്പെട്ടു

പട്യാല: പഞ്ചാബിലെ സെഹ്റ ഗ്രാമത്തില്‍ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ കർഷകൻ കൊല്ലപ്പെട്ടു.
കിസാൻ യൂണിയൻ പ്രവർത്തകൻ സുരേന്ദർപാല്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ബി.ജെ.പി. നേതാക്കള്‍ സുരേന്ദറിനെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന ആരോപണവുമായി കിസാൻ യൂണിയൻ രംഗത്തെത്തി. രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ ഭാര്യയും മുൻ കോണ്‍ഗ്രസ് നേതാവുമായ പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെയായിരുന്നു ഒരു സംഘം കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവരെ എതിർക്കാനെന്നോണം ബി.ജെ.പി. പ്രവർത്തകരും രംഗത്തെത്തുകയായിരുന്നു. ഇരു സംഘങ്ങളും തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയും പിന്നാലെ കർഷകൻ വീണു മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പട്യാലയില്‍ നിന്നുള്ള സിറ്റിങ് എം.പി.യാണ് പ്രണീത് കൗർ. നേരത്തെ കോണ്‍ഗ്രസിലായിരുന്ന പ്രണീതിനെ പിന്നീട് പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരില്‍ പാർട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഇവർ ബി.ജെ.പിയില്‍ ചേർന്നത്.
സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുന്നതിനാൽ വൻ പൊലീസ് സന്നാഹമാണ് ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്.

Back to top button
error: