IndiaNEWS

അമിത് ഷായ്‌ക്കെതിരെ മത്സരിക്കരുത്’; ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചെന്ന് സ്ഥാനാര്‍ഥികള്‍

അഹ്‌മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ മാസമാണ്.

നാമനിർദേശം ചെയ്തവർ പിന്മാറിയതിനെ തുടർന്ന് കോണ്‍ഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാണിയുടെ പത്രിക വരണാധികാരി തള്ളുകയായിരുന്നു.

ഇപ്പോഴിതാ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചവരെ സമ്മർദം ചെലുത്തി മത്സരരംഗത്തുനിന്നു പിൻവലിപ്പിച്ചെന്ന ആരോപണവും ഉയരുകയാണ്.

ഗാന്ധിനഗറില്‍ 16 സ്ഥാനാർഥികളാണു പത്രിക പിൻവലിച്ചിരിക്കുന്നത്. ഇതില്‍ 12 പേർ സ്വതന്ത്രന്മാരും നാലുപേർ പ്രാദേശിക പാർട്ടി നേതാക്കളുമാണ്. പത്രിക സമർപ്പിച്ചവരില്‍ മൂന്നുപേരാണ് ബി.ജെ.പിക്കും ഗുജറാത്ത് പൊലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

അമിത് ഷായുടെ ആള്‍ക്കാർ തങ്ങളെ നിരന്തരം പിന്തുടരുകയും സ്ഥാനാർഥിത്വം പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്യുന്നുവെന്നാണ് ആരോപണം. ബി.ജെ.പി എം.എല്‍.എമാരും നേതാക്കളും പ്രവർത്തകരും മുതല്‍ ക്രൈംബ്രാഞ്ച്, പൊലീസ് ഉദ്യോഗസ്ഥർ വരെ ഭീഷണികളുമായി പിന്നാലെയുണ്ടെന്നു വെളിപ്പെടുത്തലുമുണ്ട്. തങ്ങളുടെയും കുടുംബത്തിന്റെയും ജീവിതം അപകടത്തിലാണെന്നും ഇവർ പറയുന്നു.

 

ജിതേന്ദ്ര ചൗഹാൻ എന്ന 39കാരനാണ് ഫേസ്ബുക്ക് ലൈവിലൂടെ ആദ്യമായി ബി.ജെ.പിക്കെതിരെ ആരോപണമുയർത്തിയത്. ഗാന്ധിനഗറില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തിരുന്നയാളാണ് ചൗഹാൻ. എന്നാല്‍, അമിത് ഷായുടെ ആള്‍ക്കാർ തന്നെ നിർബന്ധിച്ച്‌ സ്ഥാനാർഥിത്വം പിൻവലിപ്പിച്ചെന്നാണ് അദ്ദേഹം വിഡിയോയില്‍ വെളിപ്പെടുത്തിയത്. താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും ചൗഹാൻ പറഞ്ഞു. മൂന്ന് പെണ്‍മക്കളുണ്ട് തനിക്ക്. അവരെ നോക്കേണ്ടതുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അവർ എങ്ങനെ ജീവിക്കുമെന്നും ജിതേന്ദ്ര ചൗഹാൻ ചോദിക്കുന്നു.

പത്രിക പിൻവലിക്കാൻ എത്ര തുക വേണമെങ്കിലും പറയാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തനിക്കു പണം വേണ്ടെന്നും മക്കളെ ആലോചിച്ചാണു പിന്മാറിയതെന്നും ജിതേന്ദ്ര ചൗഹാൻ കൂട്ടിച്ചേർത്തു. രാജ്യം അപകടത്തിലാണെന്നും രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും വിഡിയോയില്‍ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

 

ചൗഹാന്റെ വെളിപ്പെടുത്തലിനു പിന്നാലെ പത്രിക സമർപ്പിച്ച മറ്റു രണ്ടുപേരും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തി. പത്രിക പിൻവലിക്കാൻ വേണ്ടി ബി.ജെ.പി നേതാക്കളോ പാർട്ടിയുമായി ബന്ധമുള്ളവരോ ആയ ചിലർ ഭീഷണിപ്പെടുത്തിയെന്നാണ് എല്ലാവർക്കും പറയാനുള്ളത്. പൊലീസ് ഉദ്യോഗസ്ഥന്മാരും ഇതേ ആവശ്യമുയർത്തിയെന്നും വെളിപ്പെടുത്തലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: