KeralaNEWS

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാര്‍ മോചിതരായിട്ടില്ല; വാര്‍ത്തകള്‍ തള്ളി കുടുംബം

പാലക്കാട്: പിടിച്ചെടുത്ത കപ്പലിലുള്ളവരെ ഇറാന്‍ മോചിപ്പിച്ചെന്ന വാര്‍ത്ത സ്ഥിരീകരിക്കാതെ ജീവനക്കാരുടെ കുടുംബങ്ങള്‍. മകന്‍ ഇന്നലെ രാത്രി വിളിച്ചപ്പോഴും മോചനത്തെ കുറിച്ച് പറഞ്ഞിരുന്നില്ലെന്ന് പാലക്കാട് സ്വദേശി സുമേഷിന്റെ പിതാവ് പറഞ്ഞു. ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് സ്വദേശി ശ്യാംനാഥിന്റെ സഹോദരനും വ്യക്തമാക്കി. കമ്പനിയുടെ ഭാഗത്ത് നിന്നുള്ള നടപടികള്‍ കാര്യക്ഷമമല്ലെന്നും ജീവനക്കാരുടെ കുടുംബങ്ങള്‍ പറഞ്ഞു.

ഏപ്രില്‍ 13 നാണ് ഇറാന്‍ , ഇസ്രായേല്‍ ചരക്ക് കപ്പല്‍ പിടിച്ചെടുത്തത്. ഇതിലെ മുഴുവന്‍ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ തള്ളുകയാണ് കപ്പലിലെ മലയാളികളായ ജീവനക്കാരുടെ കുടുംബം. മകന്‍ ഇന്നലെ രാത്രി വിളിച്ചപ്പോള്‍ പോലും മോചനത്തെക്കുറിച്ച് പറഞ്ഞില്ലെന്ന് പാലക്കാട് സ്വദേശി സുമേഷിന്റെ പിതാവ് പറയുന്നു . കപ്പല്‍ വിട്ടു കിട്ടുന്നതിന് വേണ്ടി ജീവനക്കാരെ മോചിപ്പിക്കുന്നതില്‍ തടസ്സം നില്‍ക്കുന്നത് ക്യാപ്റ്റനാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു

കോഴിക്കോട് സ്വദേശിയായ ശ്യാമ്‌നാഥും ഇന്നലെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മോചനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പറഞ്ഞില്ലെന്ന് സഹോദരന്‍ ശങ്കര്‍നാഥ് വ്യക്തമാക്കി . ശ്യാംനാഥിന്റെ കരാര്‍ പൂര്‍ത്തിയായതാണെന്നും കരാര്‍ കാലാവധി കഴിഞ്ഞവരെയും മോചിപ്പിക്കുന്നിലെന്നും കുടുംബം പറഞ്ഞു.

കപ്പല്‍ കമ്പനിയുടെ ഭാഗത്തുനിന്നുള്ള നടപടികള്‍ കാര്യക്ഷമമല്ലെന്നും കുടുംബങ്ങള്‍ പരാതിപ്പെട്ടു . കപ്പല്‍ പിടിച്ചെടുക്കുമ്പോള്‍ 25 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ നാല് മലയാളികളടക്കം 17 പേര്‍ ഇന്ത്യക്കാരായിരുന്നു. കപ്പലിലുണ്ടായിരുന്ന ഏക വനിത തൃശ്ശൂര്‍ സ്വദേശിനിയായ ആന്‍ ടെസ ജോസഫിനെ നേരത്തെ വിട്ടയച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: