KeralaNEWS

പാർട്ടിക്ക് അവമതിപ്പുണ്ടാക്കി;  ശോഭാ സുരേന്ദ്രനെതിരെ നടപടിയുമായി ബിജെപി

ന്യൂഡൽഹി: ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരേ ബിജെപിയില്‍ പടയൊരുക്കം തുടങ്ങി. ഇ.പി.ജയരാജൻ വിഷയത്തില്‍ ശോഭയുടെ പരസ്യ പ്രസ്താവനകള്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയെന്നാണ് ആരോപണം.

ഇ.പിയുമായി നടത്തിയ കൂടിക്കാഴ്ചകള്‍ പരസ്യമാക്കിയത് വഴി പ്രചരണത്തിന്‍റെ അവസാന ദിവസങ്ങളില്‍ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും മോദി ഗ്യാരന്‍റിയെന്ന ബിജെപി മുദ്രാവാക്യം പോലും വിവാദത്തില്‍ മുങ്ങിപ്പോയെന്നും നേതൃത്വം വിലയിരുത്തുന്നു.

നേരത്തെ ശോഭയ്ക്കെതിരേ കേന്ദ്ര നേതൃത്വത്തിന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ പരാതി നൽകിയിരുന്നു.പോളിംഗിന് തൊട്ടുമുൻപുള്ള ദിവസങ്ങളില്‍ ഇ.പിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ശോഭ പരസ്യമാക്കിയത് വഴി ദേശീയ തലത്തില്‍ തന്നെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് പരാതി.

Signature-ad

കേന്ദ്ര നേതൃത്വവും ശോഭയുടെ നടപടിയില്‍ അതൃപ്തരാണ്. വി.മുരളീധരൻ പക്ഷത്തുള്ള നേതാക്കളും ശോഭയ്ക്കെതിരേ നിലപാട് കടുപ്പിക്കാനുള്ള നീക്കത്തിലാണ്. ശോഭയുടെ പ്രസ്താവനകള്‍ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ ജനവിധി തേടുന്ന ശോഭയ്ക്കെതിരേ ദല്ലാള്‍ നന്ദകുമാർ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഭൂമി നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് ശോഭ 10 ലക്ഷം രൂപ കൈപ്പറ്റിയെന്നും പിന്നീട് ഭൂമിയോ പണമോ നല്‍കാതെ വഞ്ചിച്ചെന്നുമായിരുന്നു നന്ദകുമാറിന്‍റെ ആരോപണം.

Back to top button
error: