IndiaNEWS

വൻ മയക്കുമരുന്ന് സംഘം കോഴിക്കോട് കുടുങ്ങി, ദുബായിൽ മയക്കുമരുന്ന്  കേസിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് സംഘനേതാവ്

     അന്തർ ദേശീയ തലത്തിൽ പോലും മയക്കുമരുന്ന് കച്ചവടം നടത്തുന്ന വൻ സംഘം കോഴിക്കോട് പിടിയിലായി. ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപന നടത്തുന്ന ഇവരെ നഗരത്തിലെ  റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഹോട്ടൽ മുറിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശി പൂഴാതി മർഹബ മൻസിൽ തങ്ങൾ എന്ന പി.എം.അബ്ദുൽ നൂർ (45), തിരുവമ്പാടി സ്വദേശി പുലൂരാംപാറ കുന്നുമ്മൽ ഹൗസിൽ മുഹമ്മദ്ദ് ഷാഫി.കെ (36) എന്നിവരെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി.ജേക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫും കോഴിക്കോട് ടൗൺ പൊലീസും ചേർന്നാണ് പിടികൂടിയത്.

സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ അനൂജ് പലിവാളിനു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിലാണ് 18.800 ഗ്രാം എംഡിഎംഎയുമായി പൊലീസ് രണ്ടു പേരെയും പിടികൂടുന്നത്. ബെംഗളൂരുവിൽ നിന്നും  എംഡിഎംഎ കോഴിക്കോട്ട് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ അബ്ദുൽ നൂർ. ബെംഗളൂരുവിൽ വച്ചാണ് ഇയാൾ ഇടപാടുകൾ മുഴുവനും നടത്തുന്നത്. പുതിയ ബിസിനസ് പങ്കാളികളെ കണ്ടെത്തി ലഹരി കച്ചവടം നടത്താനാണ് കോഴിക്കോട് എത്തിയത്. കണ്ണൂർ  സ്വദേശിയാണെങ്കിലും ഇയാൾ ബെംഗളൂരുവിലാണ്  സ്ഥിരമായി താമസം. തന്റെ സുഹ്യത്തായ ഷാഫിയെ ബിസിനസിൽ പങ്കാളിയാക്കി അയാളുടെ പരിചയത്തിലുള്ള ആളുകളുമായി ബന്ധപ്പെട്ട് പുതിയ കച്ചവട തന്ത്രവുമായിട്ടാണ് കേരളത്തിലേയ്ക്ക് വന്നത്.

Signature-ad

അറസ്റ്റിലായ നൂർ ബെംഗളൂരുവിൽ  താമസിച്ചു കോഴിക്കോട്ടു നിന്നും  വരുന്ന ആവശ്യക്കാർക്ക് ലഹരിവിൽപന നടത്തി വരികയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ വാട്സാപ്പിലൂടെ മാത്രം ആയിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത്. ഏറെ നാളത്തെ  നിരീക്ഷണത്തിൽ ഇയാളുടെ നീക്കങ്ങൾ മനസിലാക്കിയ പൊലീസ് സംഘം വളരെ തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇവർ രണ്ട് പേരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളുകളാണ്. ബെംഗളൂരുവിലെ മയക്കുമരുന്ന് കച്ചവടക്കാരിൽ നൂറിനെ തങ്ങൾ എന്നാണ് അറിയപ്പെടുന്നത്. മുൻപു ദുബായിൽ വച്ച് മയക്കുമരുന്ന് പിടികൂടിയതിനു ശിക്ഷ കിട്ടിയ ആളാണ്.

Back to top button
error: