KeralaNEWS

സൂര്യാഘാതം മൂലമുള്ള മരണങ്ങൾ: കേരളം നടുങ്ങുന്നു, ജനങ്ങൾ പൊള്ളിപ്പിടയുന്നു; പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിലെ  സ്ഥിതി ഗുരുതരം

     പാലക്കാട് ജില്ലയിൽ സൂര്യാഘാതം ഏറ്റുള്ള മരണങ്ങൾ സ്വിരീകരിച്ചതോടെ മറ്റൊരു ദുരന്തത്തിൻ്റെ ഞെട്ടലിലായി കേരളം. തൃശൂർ, പാലക്കാട് ജില്ലകളിൽ സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. മരണത്തിലേക്ക് വരെ ഇത്  നയിച്ചേക്കാം എന്നാണ് മുന്നറിയിപ്പ്.

ഉഷ്ണതരംഗ സാധ്യത മൂലം പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും മേയ് 2 വരെ അടച്ചിടാൻ ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര ഉത്തരവിട്ടു. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ  നിർദ്ദേശം അനുസരിച്ചാണ് ഇത്. സ്വകാര്യ ട്യൂഷൻ സെൻഡറുകൾ, സ്കൂളുകളിലെ അഡീഷണൽ ക്ലാസുകൾ, സമ്മർ ക്യാമ്പുകൾ എന്നിവയ്ക്കെല്ലാം വിലക്കുണ്ട്. മെഡിക്കൽ കോളജുകളിലെ വിദ്യാർഥികൾക്ക് ഉത്തരവ് ബാധകമല്ല.

Signature-ad

ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മേയ് 3 വരെ പാലക്കാട് ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരും എന്നാണ് മുന്നറിയിപ്പ്.

ഗർഭിണികളും കിടപ്പ് രോഗികളുമുള്ള ആശുപത്രി വാർഡുകളിൽ ചൂട് കുറയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങൾ കൂടുതലായി ഒരുക്കണം. സാമനമായ നിലയിൽ വയോജന കേന്ദ്രങ്ങളിലും ചൂട് കുറയ്ക്കാനും ഇടപെടൽ ഉണ്ടാവണം. പാലക്കാട് ജില്ല ഒട്ടാകെ തണ്ണീർ പന്തലുകൾ ഒരുക്കണമെന്നും പകൽ 11 മുതൽ 3 വരെ എല്ലാ പുറംവിനോദങ്ങളും ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊല്ലം, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36ഡിഗ്രി സെൽഷ്യസ്  വരെയും (സാധാരണയെക്കാൾ 3 – 5 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയ ക്രമീകരണം മേയ് 15 വരെ നീട്ടിയതായി തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്നുവരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന ജില്ലകളിൽ താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്

❖ പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

❖ ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കുക.

❖ ധാരാളമായി വെള്ളം കുടിക്കുക.

– ❖ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

❖ കായികാദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക.

❖ നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ കാപ്പി എന്നിവ പകൽ സമയത്ത് പൂർണ്ണമായും ഒഴിവാക്കുക.

❖ വൈദ്യുത ഉപകരണങ്ങൾ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും, വയർ ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാൽ ഓഫീസുകളിലും, വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്. രാത്രിയിൽ ഓഫീസുകളിലും, ഉപയോഗം ഇല്ലാത്ത മുറികളും ഉള്ള ഫാൻ, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക.

❖ വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

❖ മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്), ചപ്പ് ചവറുകളും, ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങളിൽ എന്നിവടങ്ങളിൽ തീപിടുത്ത സാധ്യത കൂടുതലാണ്. ഇവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

❖ വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന പരിപാടികൾ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ11 മുതല്‍ ഉച്ചയ്ക് 3 മണി വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

❖ കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക കരുതൽ ഉറപ്പാക്കണം.

❖ എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.

❖ പൊതുജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

മഴ പിണങ്ങി നിൽക്കുകയും കൊടും ചൂട് ഇങ്ങനെ തുടരുകയും ചെയ്താൽ കേരളം കടുത്ത വൈദ്യുത പ്രതിസന്ധിയിലമരാൻ  അധികസമയം വേണ്ടിവരില്ല എന്നത് മറ്റൊരു ദുരന്തം.

Back to top button
error: