KeralaNEWS

കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം 5 പേർക്ക് ദാരുണാന്ത്യം, കണ്ണൂർ ചെറുകുന്നിലാണ് സംഭവം

     കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 5 മരണം.  കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ  4 പേരും ഡ്രൈവറുമാണ് മരിച്ചത്. പുന്നച്ചേരി പെട്രോൾ പമ്പിനു സമീപം രാത്രി 10.40 നാണ് സംഭവം.  4 പേർ തൽക്ഷണം മരിച്ചു. പരുക്കേറ്റ 9 വയസ്സുകാരനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ ഡ്രൈവർ കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59), യാത്ര ചെയ്ത കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65) അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണു മരിച്ചത്.

കണ്ണൂര്‍ ഭാഗത്തേക്ക് ഗ്യാസ് സിലിന്‍ഡര്‍ കയറ്റി പോയ ലോറിയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാര്‍ നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. കാറിന്റെ ബോഡി ആകെ ഒടിഞ്ഞു മടങ്ങിപ്പോയിരുന്നു.വാതിലുകൾ വെട്ടിപ്പൊളിച്ചാണ് കാറിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. നാട്ടുകാർ എത്തിയപ്പോൾ ആർക്കും ബോധമുണ്ടായിരുന്നില്ല.

Signature-ad

സമീപത്തെ ടർഫിൽ കളിക്കുന്നവരും നാട്ടുകാരും ചേർന്നാണു പ്രാരംഭ രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. മകൻ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തിൽ സി.എയ്ക്കു ചേർത്ത് ഹോസ്റ്റലിലാക്കി വരികയായിരുന്നു സുധാകരനും കുടുംബവും.
മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

Back to top button
error: