KeralaNEWS

ശോഭ സുരേന്ദ്രനെതിരെ നടപടിയുമായി ബിജെപി

ആലപ്പുഴ: ജയരാജനും ജാവഡേക്കറും തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ വിവരങ്ങൾ പുറത്തുവിട്ട ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ നടപടിയുമായി ബിജെപി കേന്ദ്ര നേതൃത്വം.

ഇലക്ഷൻ റിസൾട്ട് വരെ കാത്തിരിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ തോറ്റാൽ ഇക്കാര്യത്തിൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനുമായുള്ള ചർച്ചകളുടെ വിശദാംശങ്ങള്‍ സംസ്ഥാന നേതാക്കള്‍ വെളിപ്പെടുത്തിയതില്‍ ബിജെപി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. രാഷ്ട്രീയ നീക്കങ്ങള്‍ അങ്ങാടിപ്പാട്ടാകുന്നതിലുള്ള അതൃപ്തി കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവു പ്രകാശ് ജാവഡേക്കറും അടുപ്പമുള്ളവരോടു പ്രകടിപ്പിച്ചിട്ടുണ്ട്..

Signature-ad

രഹസ്യ ചർച്ചകള്‍ ചോരുന്ന സാഹചര്യത്തില്‍ ബിജെപിയില്‍ ചേരാനുള്ള പ്രാഥമിക ആലോചനയില്‍നിന്നുപോലും മറ്റു പാർട്ടിക്കാരെ പിന്തിരിപ്പിക്കുന്നതാണു ജയരാജൻ സംഭവമെന്നാണു നേതൃത്വത്തില്‍ പലരുടെയും വിലയിരുത്തല്‍. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനാണു ജയരാജനും ജാവഡേക്കറും തമ്മിലുള്ള ചർച്ചയെക്കുറിച്ച്‌ ആദ്യം വിവരം പുറത്തുവിട്ടത്. അതുകൊണ്ട് തന്നെ ശോഭ ചെയ്തതിനെതിരെ കേന്ദ്ര ബിജെപി ശാസിക്കാതിരിക്കാൻ വഴിയില്ല.പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് ശോഭ പെരുമാറിയത് എന്നുള്ള തരത്തില്‍ പ്രവർത്തകർ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.

അതേസമയം എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനെ സിപിഎം ഇനിയും ചേർത്തു പിടിക്കുമോ, അതോ നടപടികള്‍ക്ക് വിധേയനാക്കി ഒതുക്കി നിർത്തുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

തിരഞ്ഞെടുപ്പു ദിനത്തില്‍ മുഖ്യമന്ത്രിയുടെ പരസ്യശാസന ഏല്‍ക്കേണ്ടി വന്നത് തന്നെ ഇ.പിയെ പോലൊരു നേതാവിന് ലഭിക്കാവുന്ന വലിയ ശിക്ഷയാണ്. അതുകൊണ്ട് തന്നെ അതിന് അപ്പുറത്തേക്ക് എന്ത് നടപടി എടുക്കും എന്നതാണ് ഉയരുന്ന ചോദ്യം.തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വിശകലനത്തിനായി വിളിച്ചു ചേർത്ത യോഗത്തില്‍ ഇക്കാര്യം ചർച്ചയ്ക്കു വരാനാണു സാധ്യത. നാളെയാണ് സിപിഎം സംസ്ഥന സെക്രട്ടറിയേറ്റ് യോഗം നടക്കുക.

Back to top button
error: